പുത്തുമല ദുരന്തത്തിന്                                     ഇന്ന് അഞ്ചാണ്ട്

പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്

  • 17 ജീവനുകളാണ് അന്ന് മണ്ണിലമർന്നത് ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേർ ഇന്നും കാണാമറയത്താണ്

കൽപ്പറ്റ : വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 17 ജീവനുകളാണ് അന്ന് മണ്ണിലമർന്നത് ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേർ ഇന്നും കാണാമറയത്താണ്. അന്നും കനത്ത മഴയായിരുന്നു. പുത്തുമലയ്ക്ക് മുകളിൽ പച്ചക്കാട് നിന്നും മലയൊന്നാകെ പൊട്ടിയൊഴുകി നിറയെ ആളുകൾ താമസിച്ചിരുന്ന പുത്തുമലയിലേക്കെത്തി. വൈകിട്ടാണ് ഉരുൾപൊട്ടലുണ്ടായത്. ഓടി രക്ഷപ്പെടാൻ പോലും ഉള്ള സമയം മണ്ണ് അവർക്ക്കൊടുത്തില്ല.
അന്ന് ഉരുൾവിഴുങ്ങിയത് 58 വീടുകൾ കൂടിയാണ്.

പുത്തുമലയിലെ ആരാധനാലയങ്ങൾ, ക്വാർട്ടേഴ്സു‌കൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടികൾ, കന്റീൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയവ മണ്ണിനടിയിലായി. അന്നത്തെ ദുരന്തത്തിൽ ഒഴുകിയെത്തിയ കൂറ്റൻ പാറക്കൂട്ടങ്ങളും വൻമരങ്ങളും ഇന്നും പുത്തുമലയിലെ ദുരന്തഭൂമിയിൽ അവശേഷിക്കുന്നു. പുത്തുമല ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പതിയെ മാഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് സമീപത്തെ ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുൾ കവർന്നെടുത്തത്. പുത്തുമലയിൽ നിന്നു 3 കിലോമീറ്റര് ദൂരം മാത്രമേ ചൂരൽമലയിലേക്കുള്ളൂ. പുത്തുമലക്കാരുടെയും അങ്ങാടിയായിരുന്നു ചൂരൽമല. പുത്തുമലയിൽ നിന്നു 5 കിലോമീറ്റർ അകലയാണ് മുണ്ടക്കൈ.

ഉരുൾപൊട്ടിപ്പോയ ഇടമെല്ലാം ഇന്ന് വീണ്ടും പച്ചപിടിച്ചു. എന്നാൽ ഉണങ്ങാത്ത മുറിവുമായി മനസ്സിൽ വേദനയും പേറി ഒരുപാട് ജീവനുകൾ ഇന്നും ഉണ്ട് പുത്തുമലയിൽ മറ്റൊരു മഹാദുരന്തത്തിനും കൂടെ സാക്ഷിയായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )