
പുന്നക്കൽ വഴിക്കടവ് പാലം ഗതാഗത യോഗ്യമായി; ഉദ്ഘാടനം 24-ന്
- ആയിരക്കണക്കിന് കുടിയേറ്റ, കർഷക കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന പാലമാണിത്. പുന്നക്കൽ പ്രദേശത്ത് രണ്ട് സ്കൂളുകളുണ്ടെങ്കിലും ഹയർസെ ക്കൻഡറിയില്ല. ഉപരിപഠനത്തിന് തിരുവ മ്പാടി ഉൾപ്പെടെയുള്ള നഗരങ്ങളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്.
തിരുവമ്പാടി : മലയോര, കുടിയേറ്റ ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്ന തിരുവമ്പാടി വഴിക്കടവ് പാലം ഗതാഗതയോഗ്യമായി. തിരുവമ്പാടി-പുന്നക്കൽ റോഡിൽ പൊയിലിങ്ങാപ്പുഴയ്ക്ക് കുറുകെയാണ് പുത്തൻപാലം. നബാർഡ് ആർ.ഐ.ഡി. എഫിൽ ഉൾപ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിച്ചിരിക്കുന്നത്. പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെബ്രുവരി 24-ന് വൈകീട്ട് മൂന്നിന് ഉദ്‌ഘാടനം നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. 2022 ഡിസംബർ 19-ന് പൊതുമരാമത്തുമന്ത്രി തന്നെയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
അരനൂറ്റാണ്ട് പഴക്കമുള്ള പാലം ജീർണാവസ്ഥയിലായതിനാലാണ് പുനർനിർമിക്കാൻ തീരുമാനമായത്. പാലത്തിന്റെ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും 7.5 മീറ്റർ വീതിയിൽ കാറേജ് വേയും ഉൾപ്പെടെ ആകെ 11- മീറ്റർ വീതിയാണ് ഉള്ളത് . ഇവിടെ മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും. വഴിക്കടവ് പാലം കുടിയേറ്റ മേഖലയുടെ സമഗ്രവികസനത്തിന് തുടക്കംകുറിക്കും.
പതിറ്റാണ്ടുനീണ്ട മുറവിളികൾക്ക് പരിഹാരം കൂടിയാണ് ഈ പാലം.1974-ലാണ് ഇവിടെ പാലം വരുന്നത്. പതിറ്റാണ്ട് മുമ്പുതന്നെ ജീർണാവസ്ഥയിലായിരുന്ന പാലം പുനർനിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള മുറവിളികൾക്കാണ് പരിഹാരമാകുന്നത്. പാലത്തിന്റെ കൈവരികൾ നേരത്തേ തകർന്നിരുന്നു. തൂണുകൾ ഇടിഞ്ഞ് വീഴാൻ കാത്തിരിക്കുന്നു. പലതവണയായി കാറുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ച സംഭവങ്ങളുണ്ടായി.
പാലം നിർമ്മിച്ചതിന്റെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ബസുകൾ അനുവദിക്കാൻ അടിയന്തര നടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഷൈനി ബെന്നി കൊച്ചുകൈപേൽ, ആർ.ജെ.ഡി. സംസ്ഥാനസമിതിയംഗം അബ്രഹാം മാനുവൽ എന്നിവർ ആവശ്യപ്പെട്ടു. ഈ റൂട്ടിൽ ബസ് കുറവായത്കൊണ്ട് തന്നെ ഇവിടെ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. നേരത്തേ ഈ റൂട്ടിൽ ട്രാൻസ്പോർട്ട് ബസുകൾ സർവീസ് നടത്തിയിരുന്നതാണ്. ഇപ്പോൾ ബസുകളുടെ എണ്ണം കുറവാണെന്ന് നാട്ടുകാർ പറയുന്നു.