
പൂക്കാട് കലാലയം കളിആട്ടം 16ന് ആരംഭിക്കും
- കുട്ടി കളിആട്ടം ഏപ്രിൽ 18 മുതൽ
കൊയിലാണ്ടി: അവധിക്കാല ഉത്സവമായ കളിആട്ടത്തിന് പൂക്കാട് കലാലയം ഒരുങ്ങി. ആട്ടം, പാട്ട്, കൂട്ട്, കളി, ചിരി, നന്മ, കഥ, കൗതുകം, സ്വപ്നം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസന ലക്ഷ്യവുമായി ആറ് നാളുകളിലായി നടക്കുന്ന കളിആട്ടം-16ന് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മുഖ്യ ഭാഷണം മനോജ് മണിയൂരും നാടകോത്സവം ഉദ്ഘാടനം ടി. സുരേഷ് ബാബു നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ ബിജു കാവിൽ അധ്യക്ഷതവഹിക്കും. ദാമു കാഞ്ഞിലശ്ശേരി സ്മാരക പുരസ്കാര സമർപ്പണം 17ന് പ്രശസ്ത നാടക നടി അൻപു ഷെൽവിക്ക് സമ്മാനിക്കും. നാടക സംവിധായകൻ മനോജ് നാരായണൻ ഡയറക്ടറും നാടക രചയിതാവ് എ.അബൂബക്കർ കോ-ഓഡിനേറ്ററുമായ കളിആട്ടം ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 600 വിദ്യാർഥികൾ പങ്കെടുക്കും.
കുട്ടി കളിആട്ടം ഏപ്രിൽ 18 മുതൽ മൂന്നുദിവസമായി നടക്കും.
എല്ലാദിവസവും രാവിലെ നാടക വ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പിൽ സംവാദങ്ങളും തിയേറ്റർ ആക്ടിവിറ്റികളും ആദരങ്ങളും രചനകളും നടക്കും. എല്ലാ ദിവസവും വൈകീട്ട് 5.30ന് ആരംഭിക്കുന്ന തിയേറ്റർ ഫെസ്റ്റിവലിൽ കുട്ടികളുടെ നാടകങ്ങൾ അവതരിപ്പിക്കും. ‘പട്ടങ്ങൾ’, ‘സാഹസികരായ കുഞ്ഞുറുമ്പുകൾ’ എന്നിവ അരങ്ങേറും.