
പൂർത്തിയാകാതെ നരിക്കൂട്ടുംചാൽ-കരിങ്കൽപ്പാലം റോഡുനിർമാണം
- ഒരുകിലോമീറ്ററോളം ദൈർഘ്യ മുള്ള റോഡിന്റെ 500 മീറ്ററോളം ഭാഗം ഇപ്പോഴും ടാർചെയ്യാത്ത സ്ഥിതിയാണ്. ഇത് കാരണം മഴ കാലത്തും വേനൽ കാലത്തും നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
നരിക്കൂട്ടും ചാൽ: കുറ്റ്യാടി പഞ്ചായത്തിലെ പഴക്കം ചെന്ന റോഡുകളിലൊന്നായ നരിക്കൂട്ടുംചാൽ കരിങ്കൽപ്പാലം റോഡു നിർമാണം എപ്പോൾ പൂർത്തിയാക്കുമെന്ന കാത്തിരിപ്പിലാണ് പ്രദേശവാസികൾ. 30 വർഷത്തിലധികം പഴക്കമുണ്ട് ഈ റോഡിന്. ഇതുവരെ നിർമാണം പൂർത്തിയായിട്ടില്ല. ഒരുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ 500 മീറ്ററോളം ഭാഗം ഇപ്പോഴും ടാർചെയ്യാത്ത സ്ഥിതിയാണ്. ഇത് കാരണം മഴ കാലത്തും വേനൽ കാലത്തും നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കുറ്റ്യാടി, നാദാപുരം സംസ്ഥാനപാതയിൽ നരിക്കൂട്ടുംചാൽ വേദിക വായനശാല വഴി വടയം, തീക്കുനി, വടകര ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. കൂടാതെ കായക്കൊടി പഞ്ചായത്തിലെ ആളുകൾക്ക് വളരെ എളുപ്പത്തിൽ വേളം, ആയഞ്ചേരി, മേപ്പയ്യൂർ ഭാഗങ്ങളിലേക്കും ഈ ലിങ്ക്റോഡ് വഴി പോവാൻ സാധിക്കും.
വർഷങ്ങൾക്ക് മുമ്പ് ചന്ദ്രി പ്രസിഡണ്ടായ കാലത്ത്100 മീറ്റർ ടാർ ചെയ്തിരുന്നു. 2010-15 കാലത്ത് കെ.കെ. നഫീസ ആയിരുന്നു പ്രസിഡന്റ്. ഈ സമയം വെള്ളപ്പൊക്ക ഫണ്ടിൽ ഉൾപ്പെടുത്തിയും കൂടാതെ വാർഡ് മെമ്പറായ പി.കെ. സുരേഷിന്റെ പ്രവർത്തന മികവിന് അന്നത്തെ എംഎൽഎ കെ.കെ. ലതികയുടെ പരിരക്ഷാ പുരസ്ക്കാരമായി
കിട്ടിയ ഒരുലക്ഷം രൂപയും കൂട്ടിച്ചേർത്താണ് റോഡിന്റെ ബാക്കി ടാറിങ് പൂർത്തിയാക്കിയത്.
മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള അനുവദിച്ച പത്തുലക്ഷം രൂപ ചെലവഴി ച്ചുകൊണ്ടാണ് കരിങ്കൽപ്പാലം മുതൽ 300 മീറ്ററോളം വയലിനും തോടിനും അരികിൽ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ഉയർത്തി റോഡ് ദൃഢപ്പെടുത്തിയത്. ഇനി ബാക്കിയുള്ള ഭാഗം എപ്പോൾ ടാർ ചെയ്യുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ഇല്ല. എംപിക്കും എംഎൽഎക്കും നിവേദനം നൽകിയിട്ടുണ്ട്. എന്നിട്ടും റോഡ് അവസ്ഥയിൽ മാറ്റം വന്നില്ല. പഞ്ചായത്ത് ഭരണസമിതി ഇടപെടുന്നില്ലെന്ന് ആരാേപിച്ച് ആളുകൾ പ്രതിഷേധത്തിലാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും പ്രദേശത്തെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ഒരുവിലയും കല്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.