
പെരുമാറ്റച്ചട്ടം: നേരത്തേ കരാർവെച്ച പ്രവൃത്തി പെരുമാറ്റച്ചട്ടത്തിൽ നിന്ന് ഒഴിവാക്കാനാവില്ല- കളക്ടർ
- നേരത്തേ പണി തുടങ്ങിയിട്ടുണ്ടെങ്കിൽ അത് തുടരാം
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കരാർ വെച്ച പ്രവൃത്തി പെരുമാറ്റച്ചട്ടത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. നേരത്തെ എഗ്രിമെന്റ് നൽകിയ പ്രവർത്തികൾ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നൽകിയ അപേക്ഷയിലാണ് കലക്ടറുടെ മറുപടി.
തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും പണി ആരംഭിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ തുടങ്ങാനാവില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമേ പറ്റൂവെന്നുമാണ് കളക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കിയത്. അതേസമയം നേരത്തേ പണിതുടങ്ങിയിട്ടുണ്ടെങ്കിൽ അത് തുടരാമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.
വേനൽ കനത്തത്തോടെ പലയിടങ്ങളിലും കുടിവെള്ളപദ്ധതികളുടെയും മറ്റും പണി നടത്തുന്ന സമയമാണ്. അതോടൊപ്പം വേനലവധിക്കാലത്താണ് സ്കൂളുകളിലെ അറ്റകുറ്റപ്പണികളും നടത്തുന്നത്. കാലവർഷം തുടങ്ങിക്കഴിഞ്ഞാൽ ഇങ്ങനെയുള്ള പ്രവർത്തികളൊന്നും ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പണികൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമാണെന്നാണ് കരാറുകാർ പറയുന്നത്.