
പെരുവട്ടൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
- പേടിയിൽ പ്രദേശവാസികൾ
കൊയിലാണ്ടി:നഗരസഭയിലെ അറുവയൽ ഡിവിഷനിൽ പെരുവട്ടൂരിൽ തെരുവുനായ അക്രമണം. തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് തെരുവു നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് സത്യനെ നായ അക്രമിച്ചത്. കാലിന് പരിക്കേറ്റ സത്യൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു.

വീടിന് അടുത്തുള്ള കടയിൽ പോയി വരുമ്പോഴാണ് ഷീബയ്ക്ക് കടിയേറ്റത്. കൈക്ക് പരിക്കേറ്റ ഷീബ കൊയിലാണ്ടി താലൂക്ക് ആശുത്രിയിൽ ചികിത്സ തേടി. പെരുവട്ടൂരിൽ അടുത്തിടെ നിരവധി പേർക്ക് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 20ന് ആശാവർക്കർക്കും വിദ്യാർത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു.നവംബറിൽ അറുവയലിൽ പന്ത്രണ്ട് വയസുകാരനടക്കം മൂന്ന് പേർക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. ഇടവേളയ്ക്ക് ശേഷം വീണ്ടും തെരുവുനായ അക്രമണം തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.