
പൊന്നിനൊപ്പം കുതിച്ച് കറുത്ത പൊന്നിന്റെ വില
- കുരുമുളകിന് 700 കടന്നു
കൊച്ചി :കറുത്ത പൊന്നിൻ്റെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 700 കടന്നു. 2014ൽ കുരുമുളക് വില 700ൽ എ ത്തിയിരുന്നു. ആ വിലയാണ് ഇപ്പോൾ 705ലേക്ക് ഉയർന്നത്. ആറുമാസം മുമ്പ് കി ലോക്ക് 480 രൂപയായിരുന്ന വില ജൂൺ ആ ദ്യ ആഴ്ച 650 രൂപയിലേക്ക് ഉയർന്നിരുന്നു അവിടെനിന്നാണ് ഇപ്പോൾ 705ലേക്ക് ഉയർന്നത്.
ഒരാഴ്ച്‌ചക്കിടെ കിലോക്ക് ശരാശരി 60 രൂപയുടെ വർധനയുണ്ടായി. വരുംദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.ഇന്തോനേഷ്യ, ബ്രസീൽ, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളകിന്റെ വരവ് അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും ഇന്ത്യൻ കുരുമുളകിന് പ്രിയമേറിയതുമാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആഭ്യന്തര ഉൽപാദനത്തിൽ ഇടിവുണ്ടായതും കനത്ത വേനലിനെ തുടർന്ന് കുരുമുളക് ചെടികൾ നശിച്ചതും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. അന്തർ ദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ ഡിമാൻഡ് ഉയർന്നതും വില വർധനക്ക് കാരണമായി.