
പ്രതിഷേധം കൊട്ടിക്കയറി
- ചെണ്ട’യല്ലെന്ന് ഓർമിപ്പിച്ച് കലാകാരരുടെ പ്രതിഷേധം.
- സിവിൽ സ്റ്റേഷൻ കളക്ടറേറ്റിനു മുന്നിൽ വേറിട്ട പ്രതിഷേധം നടത്തി കലാകാരൻമാർ.
കോഴിക്കോട്: മലയാളകലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടി ശ്രദ്ധേയമായി. പ്രതീകാത്മകമായൊരു ചെണ്ട. അതിനുനടുവിൽ ഒരു കലാകാരൻ. ചുറ്റിലും കോലുമായി ചെണ്ടയിൽ കൊട്ടി മറ്റുള്ളവർ. സിവിൽ സ്റ്റേഷൻ കളക്ടറേറ്റിനുമുന്നിൽ ചൊവ്വാഴ്ച നടന്ന ഈ കാഴ്ച നാട്ടുകാർക്ക് കൗതുകമായി.
ചെണ്ടയ്ക്ക് കൊട്ടുകിട്ടും പോലെ എന്നും കൊട്ടുകൊള്ളാൻ വിധിക്കപ്പെട്ടവരാണ് കലാകാരരെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. കരോക്കെയും വയലിനും മാജിക് ഷോയുമെല്ലാമായി പ്രതിഷേധം കലാമയമായി. 60-വയസ്സുകഴിഞ്ഞ കലാകാരർക്ക് ക്ഷേമനിധി അംഗത്വമെടുക്കാൻ അവസരം നൽകണം, സാംസ്കാരിക വകുപ്പിൻ്റെ കലാകാര പെൻഷനും ക്ഷേമനിധി പെൻഷനും ഏകീകരിച്ച് തുക വർധിപ്പിക്കണം, വജ്രജൂബിലി ഫെലോഷിപ്പ് കൂടുതൽ പേർക്ക് നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ഗായകൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.