
പ്രപഞ്ചത്തിലുള്ളതെല്ലാം കെമിസ്ട്രിയാണ്; മോർട്ടൻ മെൽഡൽ
- നൊബേൽ സമ്മാനമുൾപ്പെടെ ലഭിച്ച പല പ്രധാന ശാസ്ത്ര കണ്ടെത്തലുകളും പരീക്ഷണങ്ങളുടെ അപ്രതീക്ഷിത ഫലങ്ങളായിരുന്നു.
കോഴിക്കോട്: പുതിയ ചിന്തകളെ സ്വീകരിച്ചും, സ്വന്തം ധാരണകളെത്തന്നെ ചോദ്യം ചെയ്യുകയുമാണ് ഗവേഷകർ ചെയ്യേണ്ടത് എന്ന് രസതന്ത്ര നൊബേൽ പുരസ്സാരജേതാവ് പ്രൊഫസർ മോർട്ടൻ മെൽഡൽ. ഡെൻമാർക്ക് കോപ്ലൻഹേഗൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ആണ് അദ്ദേഹം. മലബാർ ക്രിസ്യൻകോളേജ് രസതന്ത്ര വിഭാഗവും കാലിക്കറ്റ് കെമിസ്ട്രി കളക്ടീവും കോളേജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. നൊബേൽ സമ്മാനമുൾപ്പെടെ ലഭിച്ച പല പ്രധാന ശാസ്ത്ര കണ്ടെത്തലുകളും പരീക്ഷണങ്ങളുടെ അപ്രതീക്ഷിതഫലങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഭരണ രംഗത്ത് സ്ത്രീപ്രാതിനിധ്യം കുറവാണെന്നത് പോരായ്മയാണെന്ന് ചടങ്ങിൽ സംസാരിച്ച മെൽഡലിന്റെ ഭാര്യയും സയൻസ് ബിസിനസ് ലിഡറുമായ ഡോ. ഫിഡ്രിയ മേരി സെൻ്റ് ഹിലാരി പറഞ്ഞു. അതെ സമയം പഠനരംഗത്തും ഗവേഷണമേഖലയിലും ധാരാളം സ്ത്രീകളുണ്ടെന്നും അവർ കൂട്ടി ചേർത്തു. തുല്യപരിഗണന എല്ലാമേഖലകളിലും സ്ത്രീകൾക്കുണ്ടാവണമെന്ന് അവർ അഭിപ്രായപ്പെട്ടു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരുടെയും വിദ്യാർഥി കളുടെയും ചോദ്യങ്ങൾക്ക് മെൽഡൽ മറുപടി നൽകി.
ചെറുപ്പം മുതൽ പ്രകൃതിപ്രതിഭാസങ്ങൾ തന്നെ ആകർഷിച്ചിരുന്നു. കുട്ടിയായിരുന്നപ്പോൾ കണ്ട വെടിമരുന്ന് പ്രയോഗങ്ങൾ എന്നിലുണ്ടാക്കിയ കൗതുകം ചെറുതായിരുന്നില്ല. ഇതെല്ലാം കെമിസ്ട്രി പഠിക്കാൻ പ്രേരണയായി എന്ന് മെൽഡൽ പറഞ്ഞു. കെമിസ്ട്രിയാണ് എല്ലാം. പ്രപഞ്ചത്തിലുള്ളതെല്ലാം കെമിസ്ട്രിയാണ്. നിങ്ങൾ ഇരിക്കുന്ന കസേരയും ശ്വസിക്കുന്ന വായുവുമെല്ലാം രാസപദാർഥങ്ങളാൽ നിർ മിതമാണ്. എന്തുകൊണ്ട് കെമിസ്ട്രി പഠനത്തിന് പ്രാധാന്യം എന്ന ചോദ്യത്തിന് ഇതായിരുന്നു മെൽഡൽ മറുപടി നൽകിയത്.
പരീക്ഷയ്ക്കുവേണ്ടിയാവരുത് പഠനം. കാര്യങ്ങൾ മനസ്സിലാക്കുന്നതാണ് പ്രധാനം. പരീക്ഷകളിൽ മാർക്ക് നേടുന്നതല്ല, പഠിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽവരുത്താനും കഴിയണം എന്ന ഉപദേശവും നൽകിയാണ് മെൽഡൽ വേദി വിട്ടിറങ്ങിയത്. മേയർ ബീനാ ഫിലിപ്പ് മെൽഡലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.