പ്രമീള നായരെ കുറിച്ചുള്ള പുസ്ത‌കം; എം.ടിയുടെ കുടുംബം കോടതിയിലേക്ക്

പ്രമീള നായരെ കുറിച്ചുള്ള പുസ്ത‌കം; എം.ടിയുടെ കുടുംബം കോടതിയിലേക്ക്

  • വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് മകൾ അശ്വതി പറയുന്നത്.

കോഴിക്കോട് :എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ മുൻ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്‌തകം ‘എംറ്റി സ്പേസ്, ബാഷ്പീകൃതയുടെ ആറാം വിരൽ’ വിവാദമായതിന് പിന്നാലെ നിയമനടപടികളിലേയ്ക്ക്. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് പുസ്‌തകത്തിന്റെ രചയിതാക്കൾക്ക് എതിരെ രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ദീദി ദാമോദരനും എച്ച്മുക്കുട്ടിയുമാണ് പുസ്‌തകത്തിന്റെ രചയിതാക്കൾ.വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് മകൾ അശ്വതി പറയുന്നത്. പ്രശസ്‌തിക്കും ധന സമ്പാദനത്തിനും വേണ്ടി അന്തരിച്ചവരെ തേജോവധം ചെയ്യുകയാണ് രചയിതാക്കളെന്നും അശ്വതി ആരോപിച്ചു. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്‌തുതയ്ക്ക് നിരക്കാത്തതാണെന്നും കുടുംബം പ്രതികരിച്ചിരുന്നു.

പുസ്‌തകം പ്രസിദ്ധീകരിക്കാൻ തന്റെയോ സിതാരയുടെയോ അനുമതി വാങ്ങിയിരുന്നില്ലെന്നും അശ്വതി പറഞ്ഞു. പറഞ്ഞുകേട്ട അറിവുകൾ വച്ച് പുസ്തകം പുറത്തിറക്കിയതിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തോടെയാണ് കാണുന്നതെന്നും അശ്വതി പറഞ്ഞു.എന്നാൽ ആരെയും വേദനിപ്പിക്കാനോ വ്യക്തിപരമായി വിഷമിപ്പിക്കാനോ ഉദ്ദേശിച്ചല്ല പുസ്‌തകം എഴുതിയതെന്നാണ് രചയിതാവായ ദീദി ദാമോദരൻ പറയുന്നത്. പുസ്‌തകം എം.ടിയെ കുറിച്ചല്ല, പ്രമീളയെ കുറിച്ചാണെന്നും അതിന് അനുവാദം ആവശ്യമില്ലെന്നും പുസ്‌തകം വായിക്കാതെയാണ് വിവാദമെന്നും ദീദീ പ്രതികരിച്ചു. ഇത്തരമൊരു വിവാദം എന്തിനാണെന്ന് തനിക്കറിയില്ലെന്നും അശ്വതിയും സിതാരയും ജനിക്കുന്നതിന് മുൻപുള്ള കാര്യങ്ങളാണ് പുസ്‌തകത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )