
പ്രൊഫഷണൽ ടാക്സ് കൂട്ടി
- ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവർക്ക് തൊഴിൽനികുതിയില്ല
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന പ്രൊഫഷണൽ ടാക്സ് ( തൊഴിൽ നികുതി) പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . ആറാം സംസ്ഥാന ധനകാര്യ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം നടക്കുന്നത് .
ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കിൽ നിലവിൽ 120 രൂപയാണ് പ്രൊഫഷണൽ ടാക്സ് ആയി ഈടാക്കിയിരുന്നത്. ഇത് 320 രൂപയായി ഉയർത്തിയാണ് പരിഷ്കരണം നടപ്പാക്കിയത്.
സമാനമായ രീതിയിൽ 18,000- 29,999, 30,000- 44,999 പരിധിയിലും വർധന വരുത്തിയിട്ടുണ്ട്.ഓരോ സാമ്പത്തിക വർഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങൾ നികുതി സ്വീകരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് നികുതി പിരിക്കുന്നത്. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവർക്ക് തൊഴിൽനികുതിയില്ല.

ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഒരു വർഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്. വരുമാനം അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളിൽ 1997ലും നഗരസഭകളിൽ 2006ലുമാണ് നടപ്പാക്കിയത്. നികുതി സ്ലാബ് വർധിപ്പിക്കണമെന്ന് ധനകാര്യ കമീഷനുകൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആൻഡ് എജിയുടെ റിപ്പോർട്ടുകളിലും തനത് വരുമാന വർധനക്കായി നികുതി ഉയർത്തണമെന്ന് നിർദ്ദേശം വന്നു. തുടർന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത് റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് നികുതി പരിഷ്‌കരിച്ചത്.
ആറുമാസത്തെ ശമ്പളം 18,000- 29,999 പരിധിയിൽ വരുന്നവർക്ക് നിലവിൽ 180 രൂപയാണ് പ്രൊഫഷണൽ ടാക്സ്. ഇത് 450 രൂപയാണ് ഉയർത്തിയത്. 30,000- 44,999 പരിധിയിൽ 300 രൂപയായിരുന്നു പ്രൊഫഷണൽ ടാക്സ്. ഇത് 600 രൂപയായാണ് വർധിപ്പിച്ചത്. അതേസമയം 45,000-99,999 പരിധിയിൽ 750 രൂപയായി തുടരും. 1,00,000- 1,24,999 രൂപ വരെയുള്ള ശമ്പള പരിധിയിലും നികുതി വർധനയില്ല. ആയിരം രൂപയായി തന്നെ തുടരും.