
പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു
- അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും. സ്കൂളുകളിലാണ് നിലവിൽ അപേക്ഷിക്കേണ്ടത്.
അപേക്ഷ പ്രകാരം സ്കൂൾ അധികൃതരാണ് ഡാറ്റാ എൻട്രി നടത്തുന്നത്. ഇത് പൂർണമായും അവസാനിപ്പിക്കാനാണ് തീരുമാനം .

പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം പാടുള്ളൂ. എന്നാൽ, ചില മാനേജ്മെന്റുകൾ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.
പ്ലസ് വൺ പ്രവേശനത്തിന് ഇത്തവണ 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെട്ടത്. പ്രവേശനം 21,347 സീറ്റിൽ നടന്നിട്ടുണ്ട് . 20 ശതമാനം സീറ്റ് എയ്‌ഡഡ് സ്കൂളുകളിൽ മാനേജ്മെൻ്റ് ക്വാട്ടയാണ്.