
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി
- 38 കാറുകൾ, 150 ബൈക്കുകൾ എന്നിവയ്ക്കു പാർക്കിങ് സൗകര്യവുമുണ്ട്
ഫറോക്ക്: മെച്ചപ്പെട്ട ആരോഗ്യ ചികിത്സ ഉറപ്പാക്കാൻ ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. കിഫ്ബി ഫണ്ടിൽ 14.36 കോടി രൂപ ചെലവിട്ട് നിർമിച്ച 4 നില കെട്ടിടത്തിൻ്റെ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാകുന്നതോടെ ജൂൺ ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം.നിർമിച്ചിരിക്കുന്നത് 103 കിടക്കകളുള്ള ആശുപ്രതി സമുച്ചയമാണ് . 4337 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്.

38 കാറുകൾ, 150 ബൈക്കുകൾ എന്നിവയ്ക്കു പാർക്കിങ് സൗകര്യവുമുണ്ട്. കെട്ടിട നിർമാണം പൂർത്തിയാകുന്നത് പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിലാണ്. ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോർപറേഷൻ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് രോഗികൾ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവിടെ അടിസ്‌ഥാന സൗകര്യങ്ങൾ കൂടുന്നതോടെ ജനങ്ങൾക്ക് ആരോഗ്യ സേവനം കൂടുതൽ ഫലപ്രദമാകും. എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെയും സേവനവും ലഭ്യമാകും എന്നതു പാവപ്പെട്ട രോഗികൾക്ക് ഗുണകരമാണ്.