
ഫിഫ്റ്റി ഫിഫ്റ്റി ഓഫറുമായി സപ്ലൈകോ
- 50 ദിവസത്തേക്ക് 50ഉത്പന്നങ്ങൾക്ക് വിലക്കുറവ്
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം . ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. 50-ാം വാർഷികത്തിന്റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകും. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകും. 50/ 50 പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നൽകും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും. ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ് തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിൻസ് ബ്രാൻ്റുകളുടെ മസാല പൊടികൾ, ബ്രാഹ്മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്സ്, ഐടിസി ആശിർവാദ് ആട്ട, ഐടിസിയുടെ തന്നെ സൺ ഫീസ്റ്റ് ന്യൂഡിൽസ്, മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്ക്കറ്റുകൾ, ഡാബറിൻ്റെ തേൻ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ, ബ്രിട്ടാനിയ ബ്രാൻഡിൻ്റെ ഡയറി വൈറ്റ്നർ, കോൾഗേറ്റ് തുടങ്ങി 50ലേറെ ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറും നൽകുന്നത്.