
ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി ക്ഷീര കർഷകർ
- പുലിയെ പിടിക്കാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ക്ഷീര കർഷകർ ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുവമ്പാടി : പുലിക്കൂട്ടമിറങ്ങിയത് സ്ഥിരീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം. പുലിയെ പിടിക്കാൻ കാര്യമായൊന്നും വനം വകുപ്പ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ക്ഷീര കർഷകർ ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
അപകടകാരികളായ വന്യമൃഗങ്ങളെ ഉപാധിരഹിതമായി വെടിവെക്കാൻ കർഷകർക്ക് അനുവാദം നൽകുക, വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലെ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, വനംവകുപ്പ് ആർആർടി, പോലീസ് പട്രോളിങ് 24 മണിക്കൂർ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജോലിചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും വനം മന്ത്രി ഉറക്കം വെടിഞ്ഞ് കർഷകർക്ക് സുരക്ഷയൊരുക്കണമെന്നും നിയമലംഘന സമരം നടത്താൻ കർഷകരെ തള്ളിവിടരുതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ ബോസ് ജേക്കബ് പറഞ്ഞു.