
ഫോൺ ട്രാക്ക് ചെയ്യാം,തട്ടിപ്പ് കോളുകളും പിടികൂടാം സഞ്ചാർ സാത്തി ആപ്പിലൂടെ
- സേവനം സുഖമമാക്കാൻ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്
ന്യൂഡൽഹി :സഞ്ചാർ സാത്തി സേവനം കൂടുതൽ സുഗമമാക്കാൻ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. ഇനിമുതൽ തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം കൂടുതൽ എളുപ്പമാക്കാനാണ് ആപ്പ് പുറത്തിറക്കിയത്. നിലവിൽ വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പിൽ ആവശ്യമില്ല. വെബ് പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ ആപ്പിൽ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറിൽ സഞ്ചാർ സാത്തി എന്ന് തിരഞ്ഞ് ആപ് ഇൻസ്റ്റാൾ ചെയ്യാം. ഫോൺ നമ്പറുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം.

നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യാനും മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നൽകിയാൽ ഫോണിൻ്റെ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ആകും. മറ്റ് സിം കാർഡ് ഉപയോഗിച്ചും മോഷ്‌ടാവിന് ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാം. തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈൽ കണക്ഷനുകൾ എടുത്തോയെന്ന് പരിശോധിക്കാം.സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങിയാൽ അത് ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണോ, മോഷ്‌ടിക്കപ്പെട്ടതാണോ എന്നറിയാനുള്ള വഴിയും ഇതിലുണ്ട്.ഇത്തരം ഫോണുകളുടെ ഐഎംഇഐ നമ്പർ കരിമ്പട്ടികയിൽപ്പെട്ടതാകാം. വാങ്ങും മുൻപ് തന്നെ ഇവയുടെ ഐഎംഇഐ നമ്പർ പരിശോധിച്ച് ഫോൺ വാലിഡ് ആണോ എന്ന് ഉറപ്പാക്കാവുന്നതാണ്. ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശത്ത് നിന്നുള്ള തട്ടിപ്പ് കോളുകൾ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.