
ബഷീർ ഗാന്ധിയെ തൊട്ടതെങ്ങനെ…
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്ക് ഇന്ന് മുപ്പതാണ്ട്.

- നന്മയ്ക്ക്, തത്വചിന്താപരമായി ആലോചിച്ചാൽ ഏറ്റവും ഗംഭീരമായ നിർവചനം കൊടുത്തത് ബഷീറാണ്. കാരണം അതൊരാവർത്തി വായിച്ചാൽ എല്ലാവർക്കും മനസ്സിലാവുകയും പ്രാവർത്തികമാക്കാൻ കഴിയുമെന്ന് തോന്നുകയും ചെയ്യുന്നതാണ്. നിർവചനം ഇതാണ്: ”നന്മ എന്നാൽ വാടിനിൽക്കുന്ന ഒരു ചെടിക്ക് അൽപം വെള്ളമൊഴിക്കുക.”
വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി പറയുമ്പോഴെല്ലാം കേട്ടിട്ടുള്ളതാണ് ബഷീർ ഗാന്ധിയെ തൊട്ടു എന്നത്. തൊട്ടു എന്നതിന് തെളിവ് അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്.”വൈക്കം ബോട്ടു ജട്ടിയിലും കായലോരത്തും നല്ല തിരക്ക്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാര്‍ സത്യഗ്രഹപന്തലിലേക്ക് പോയി. കാറിന്‍റെ സൈഡില്‍ തൂങ്ങിനിന്ന ഒരാള്‍ ഞാനായിരുന്നു. ഗാന്ധിജിയെ തൊട്ടില്ലെങ്കില്‍ മരിച്ചുപോയേക്കുമെന്നു തോന്നി. എല്ലാം മറന്ന് ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടു”
(ഓർമക്കുറിപ്പ് എന്ന സമാഹാരത്തിലെ അമ്മ എന്ന കഥ )
1925 മാർച്ചിൽ, വൈക്കം സത്യഗ്രഹ കാലത്ത് ഗാന്ധി എത്തിയപ്പോഴായിരുന്നു ആ തൊടൽ. ബഷീറിന് അന്ന് 17 വയസ്സ്. ബഷീർ പിന്നീട് നാടുവിടുകയും
കോഴിക്കോട്ടെത്തി ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും തുടർന്ന് പലേവേഷത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും
തിരിച്ചെത്തി എഴുത്തിൻ്റെ മാസ്മരിക ലോകം തീർക്കുകയും ചെയ്തത് സുവിദിതമായ സംഗതികളാണ്.
ബഷീർ ഗാന്ധിജിയെ തൊട്ടതിൽ അത്ഭുതമില്ല. സ്വാതന്ത്ര്യസമര പ്രക്ഷോഭകാലത്തിൻ്റെ ആവേശതള്ളലിലും ഗാന്ധിജിയോട് രാജ്യം മുഴുക്കെ
ഉയർന്നുവന്ന ആരാധനാധിക്യത്താലും ആർക്കും തോന്നാവുന്നതാണത്. അതുകൊണ്ടു തന്നെ ഒരു കൗതുകത്തിനപ്പുറത്ത് അതിൽ എന്തെങ്കിലുമുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീളേണ്ടതുമില്ല. പക്ഷേ ബഷീർ ഗാന്ധിയെ തൊട്ടത് വെറും തൊലിപ്പുറത്തിയിരുന്നില്ല എന്നാണ് പുതിയ വായനകൾ നമ്മളോട് പറയുന്നത്.
കേരളത്തിലെ രണ്ട് പ്രമുഖ ഗാന്ധിയൻ ചിന്തകരായ കെ. അരവിന്ദാക്ഷനും കെ. പി.ശങ്കരനും തമ്മിൽ നടത്തിയ സാമാന്യം ദീർഘമായ സംഭാഷണമാണ്
ഇത്തരമൊരു പുതിയ വെളിവ് നമുക്ക് നൽകുന്നത്. ‘ഗാന്ധിയും ബഷീറും മൗലികതയുള്ള ഇന്ത്യൻ ദാർശനികർ’ എന്നാണ് ആ സംഭാഷണ പുസ്തകത്തിന് പേര്
നൽകിയിരിക്കുന്നത്. ഗാന്ധിജിക്ക് ദാർശനികൻ അടക്കം പലവിശേഷണങ്ങൾ ചേർക്കപ്പെടാറുണ്ടെങ്കിലും വൈക്കം മുഹമ്മദ് ബഷീറിനെ സാഹിത്യകാരൻ എന്ന സംബോധനയിലാണ് നമുക്ക് പരിചയം.

ഗാന്ധിയുടെ ജീവതത്തെ, ഗാന്ധിയൻ ദർശനത്തെ ബുദ്ധൻ, സോക്രട്ടീസ് എന്നിവരുമായി സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തത്വചിന്താപരമായ വിലയിരുത്തലുകൾക്കൊപ്പമാണ് മലയാളത്തിന്റെ ബഷീർ എന്ന എഴുത്തുകാരനും ചേർത്തു വായിക്കപ്പെടുന്നത് എന്നതാണ് ഇതിലെ സവിശേഷത.
ഗാന്ധിജി ധാരാളം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ തത്വചിന്തകനായിട്ടല്ല, പ്രായോഗികനായ, സേവനനിരതനായ ജനനായകൻ,
കർമയോഗി എന്നൊക്കെയാണ് കൂടുതലും വിശേഷിപ്പിക്കപ്പെടാറുള്ളത്.
എൻ്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തി. ബഷീർ എഴുതിക്കൊണ്ട് ജീവിക്കുകയും എഴുത്തിനെയും ജീവിതത്തെയും രണ്ടല്ലാതാക്കി മാറ്റുകയും ചെയ്തു. അതിലേറെ, ഇരുവരുടെയും ജീവിതത്തിൽ സമാനമായ ചിലതുണ്ടായിരുന്നു എന്നുതന്നെയാണ്
ഇതിലെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ വായനക്കാരെ ബോധ്യപ്പെടുത്തുന്നത്.
Gandhi and the Centrality of Ethics എന്ന കെ. പി. ശങ്കരൻ്റെ പുസ്തകത്തിലെ അനുബന്ധത്തിലാണ് ഗാന്ധിജിയുടെ പ്രായോഗിക ജീവിത ദർശനത്തെ ബഷീറിന്റെ കൃതികളിലെ വീക്ഷണവുമായി ചേർത്തു നിർത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ രണ്ട് തനത് ഇന്ത്യൻ ചിന്തകരിൽ ഒരാൾ ഗാന്ധിയും മറ്റേയാൾ ബഷീറുമാണെന്ന് കെ .പി. ശങ്കരൻ പറയുന്നു. “വൈക്കം മുഹമ്മദ് ബഷീറിനെ മറ്റ് മൂന്ന് ചിന്തകരുമായി കുട്ടിച്ചേർത്തത് ഞാനല്ല, എൻ്റെ വായനയാണ്. ഈ അനുഭവം എൻ്റേത് മാത്രമായിട്ടുള്ള ഒരു അനുഭവം അല്ല. പല തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാരിൽ പല പുസ്തകങ്ങളും തമ്മിൽ അറിയാതെ തന്നെ കൂടിച്ചേരുന്നത് സ്വാഭാവികം മാത്രമാണ്. അങ്ങനെയാണ് ബഷീറിനെ, ബുദ്ധനോടും ഗാന്ധിയോടും സോക്രട്ടീസിനോടും ഒത്തു നിൽക്കുന്ന മഹാനായ തത്വചിന്തകനായി എനിക്ക് കാണാൻ സാധിച്ചത്.”
ഇസ്ലാമിക വിശ്വാസിയായാണ് ജീവിച്ചതെങ്കിലും “ബഷീർ ഗാന്ധിയുടെ മാതിരി (ക്ഷേത്രദർശനം, ചടങ്ങുകൾ, അനുഷ്ഠാനങ്ങൾ വേണ്ടാത്ത ദൈവ വിശ്വാസി) തന്നെ ഇസ്ലാമിൻ്റെ പല ചടങ്ങുകളും ഒഴിവാക്കി ജീവിച്ച ഒരു ചിന്തകനാണ്. അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നില്ല. നോമ്പ് നോൽക്കാറുണ്ടായിരുന്നില്ല. പക്ഷേ, അള്ളയിൽ വിശ്വസിക്കുകയും പ്രാർത്ഥനയെ പുനർനിർവചിക്കുകയും ചെയ്തു. പ്രാർഥന എന്നാൽ നന്മ ചെയ്യുക എന്നാണ് അദ്ദേഹം കണ്ടത്. ആ നിലയ്ക്ക് ബഷീർ എന്നും പ്രാർത്ഥിക്കുമായിരുന്നു. എല്ലാവരോടും ആ നിലയ്ക്ക് പ്രാർത്ഥിക്കണമെന്ന് പറയുമായിരുന്നു. ഞാൻ ഒരു കാര്യം ഇവിടെ പറയട്ടെ. നന്മയ്ക്ക്, തത്വചിന്താപരമായി ആലോചിച്ചാൽ ഏറ്റവും ഗംഭീരമായ നിർവചനം കൊടുത്തത് ബഷീറാണ്. കാരണം അതൊരാവർത്തി വായിച്ചാൽ എല്ലാവർക്കും മനസ്സിലാവുകയും പ്രാവർത്തികമാക്കാൻ കഴിയുമെന്ന് തോന്നുകയും ചെയ്യുന്നതാണ്. നിർവചനം ഇതാണ്: ‘നന്മ എന്നാൽ വാടിനിൽക്കുന്ന ഒരു ചെടിക്ക് അൽപം വെള്ളമൊഴിക്കുക.”
ഇതു മാത്രമല്ല, ബഷീറിൻ്റെ ഒട്ടുമിക്ക കഥകളും ഈ നന്മയെ പലവിധത്തിൽ വായനക്കാരന് മനസ്സിലാക്കി കൊടുക്കുന്നതാണ്.
“ബഷീറിൻ്റെ ആത്മീയത ബുദ്ധൻ്റേയും ഗാന്ധിയുടേയും സോക്രട്ടീസിൻ്റേയും ആത്മീയതയാണ്. അഹം കേന്ദ്രീകൃത സ്വഭാവം കുറച്ചുകൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന അനുകമ്പ, ദയ, കരുണ, മറ്റ് മനുഷ്യരുൾപ്പെടെ ഉള്ള ജീവജാലങ്ങളോടും തോന്നുന്ന താൽപര്യം.” കുഞ്ഞിപ്പാത്തുമ്മയിൽ അതുണ്ട്. ‘ഭൂമിയുടെ അവകാശികൾ’, ശബ്ദങ്ങൾ, മതിലുകൾ, പ്രേമലേഖനം, ആനവാരിയുടെയും പൊൻകുരിശിൻ്റേയും കഥകളിലെല്ലാം നന്മയിലേക്കുള്ള മനുഷ്യന്റെ ചുവടുവെപ്പുകൾ നമുക്ക് കാണാം. നന്മ ഒരു ജീവിത രീതിയാണ് എന്നത് മാത്രമാണ് ആ ദർശനം. ബുദ്ധനും ഗാന്ധിയും
സോക്രട്ടീസും ജീവിതം കൊണ്ട് കാണിച്ചതും അതായിരുന്നില്ലേ!