
ബാറിലെ തർക്കം;യുവാവിന് വെട്ടേറ്റു
- അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു
ബേപ്പൂർ:ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി യുവാവിനെ നാലംഗസംഘം കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ചു. ബേപ്പൂർ കൽക്കുന്നത്ത് കക്കാടത്ത് സുബിക്കാണ് (27) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റയാളെ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ച ഒന്നിന് ബേപ്പൂർ നടുവട്ടം കൽക്കുന്നത്താണ് സംഭവം നടന്നത് . അക്രമിസംഘത്തിലുണ്ടായിരുന്ന ചെറുവണ്ണൂർ കുണ്ടായിത്തോട് കരിമ്പാടം നടയിലത്ത് ഹൗസിൽ സവാദിനെ (27) ബേപ്പൂർ സി.ഐ ദിനേശ് കോറോത്തും സംഘവും അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാത്രി ചെറുവണ്ണൂരിലെ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ സുബിനെ ഹോൺ മുഴക്കി പുറത്തെത്തിച്ച് കൊടുവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം.
പൊലീസ് കൂട്ടുപ്രതികളായ അഭിജിത്ത് ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ സവാദിനെ റിമാൻഡ് ചെയ്തു. എസ്ഐ രവീന്ദ്രൻ, സിപിഒമാരായ അനീഷ്, ബിനോയ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് .