
ബാലുശ്ശേരി സ്റ്റേഡിയം വികസനത്തിന്എംഎൽഎ ഫണ്ട് ഒരു കോടി; കെ.എം. സചിൻ ദേവ് എംഎൽഎ
- ഇൻഡോർ സ്റ്റേഡിയത്തിൽ ഓപൺ ജിം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ എംഎൽ എ ഫണ്ടിൽനിന്ന് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓപൺ ജിമ്മും സ്ഥാപിക്കും.
എ.സി. ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അ ഡ്വ. കെ.എം. സചിൻ ദേവ് എം എൽ എയാണ് പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 7 ലക്ഷം രൂപ ചെലവിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ ഓപൺ ജിം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിതയും പറഞ്ഞു.

സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഫുട്ബാൾ കോർട്ട്, ഫെൻസിങ്, ഗാലറി നവീകരണം എന്നിവ നടത്തും. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 1.40 കോടി രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 31 ലക്ഷം രൂപയും ചെലവിട്ടാണ് ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. മുൻഎം.പി ടി.എൻ. സീമയുടെ 25 ലക്ഷം ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം കവാടം നിർമിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത, ബ്ലോക്ക് പഞ്ചായത്തംഗം സി.ബി. സബിത, ഗ്രാമപഞ്ചായത്തംഗം ബി.കെ. ഹരീഷ്, പി.പി. രവീന്ദ്രനാഥ്, വി.സി. വിജയൻ, മുസ്‌തഫ ദാരുകല, ടി.എം. അസീസ്, ശിവൻ പൊന്നാറമ്പത്ത്, സുജ ബാലുശ്ശേരി, പി.കെ. ജിതേഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്സയിനാർ എമ്മച്ചം കണ്ടി സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.