
ബെംഗളൂരു- കോഴിക്കോട് ലഹരിമരുന്നു കടത്ത്; 2 ടൂറിസ്‌റ്റ് ബസ് ഡ്രൈവർമാർ പിടിയിൽ
- ഇവരിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
കോഴിക്കോട്:ബെംഗളൂരുവിൽ നിന്നു നഗരത്തിലേയ്ക്ക് ലഹരിമരുന്നു കടത്തുന്ന 2 ബസ് ഡ്രൈവർമാർ പിടിയിൽ.പ്രതികളെ നർകോട്ടിക് സെല്ലും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി.അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി.സനൽ കുമാർ(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പിടിയിലായ 2 പേരും കോഴിക്കോട് ബെംഗളൂരു ടൂറിസ്‌റ്റ് ബസിലെ ഡ്രൈവർമാരാണ്. ബെംഗളൂരുവിൽ നിന്നു ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണു പ്രതികളെന്നു പൊലീസ് പറഞ്ഞു.ഓടുന്ന ബസിൽ നിന്നു ലഹരിമരുന്നു പൊതി പുറത്തേക്ക് എറിഞ്ഞു കൊടുത്താണു വിൽപന. ഇന്നലെ പ്രതി അനീഷ് വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റക്കടവു ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.

എസിപി കെ.എ.ബോസിന്റെ നേതൃത്വത്തിൽ ചേവായൂർ എസ്ഐ നിമിൻ കെ.ദിവാകരൻ, ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, എം.കെ.ലതീഷ്, പി.കെ.സരുൺ കുമാർ, ചേവായൂർ സ്റ്റേഷനിലെ എസ്ഐമാരായ രോഹിത്ത്, കോയകുട്ടി, സിപിഒമാരായ റിനേഷ്, സിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു