
ബേപ്പൂർ മത്സ്യബന്ധന ജെട്ടിയുടെ ആഴം കൂട്ടൽ വേഗത്തിലാക്കുന്നു
- വാർഫ് നദീമുഖത്ത് ആഴം കുറവായതിനാൽ നിലവിലെ വലിയ ബാർജിൻ്റെ അടിഭാഗം തട്ടുന്നതു പരിഹരിക്കാനാണു ശ്രമം.
ബേപ്പൂർ: മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്ന പ്രവൃത്തിക്കു വേഗം കൂട്ടാൻ ചെറിയ ബാർജ് കൂടി എത്തിക്കുന്നു. വാർഫ് നദീമുഖത്ത് ആഴം കുറവായതിനാൽ നിലവിലെ വലിയ ബാർജിൻ്റെ അടിഭാഗം തട്ടുന്നതു പരിഹരിക്കാനാണു ശ്രമം. കൊച്ചിയിൽ നിന്നു മറ്റൊരു ബാർജ് എത്തിക്കാനാണു കരാർ കമ്പനി നീക്കം നടത്തുന്നത്. വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ചെളി കോരിയെടുക്കുന്നത്. ഇതു ബാർജിൽ നിറച്ചു കടലിൽ 5 കിലോമീറ്റർ അകലെയാണു തള്ളുന്നത്. നിലവിലുള്ള ബാർജിൽ കൂടുതൽ അളവിൽ ചെളി ശേഖരിക്കാനാകും എങ്കിലും ഇതു കടലിൽ തള്ളി വരുന്നതിനു അധിക സമയമെടുക്കുന്നുണ്ട്.വേലിയേറ്റ സമയത്തു മാത്രമാണ് ബാർജ് കൊണ്ടുപോകാൻ കഴിയുന്നത്.ബാർജ് കടലിൽ പോയി വരുന്നതുവരെ മണ്ണുമാന്തി യന്ത്രം നിർത്തിയിടേണ്ട സ്ഥിതിയാണ്. ഈ സമയ നഷ്ടം ഒഴിവാക്കാനാണ് മറ്റൊരു ബാർജ് എത്തിക്കാൻ അധികൃതർ പദ്ധതിയിട്ടത്.
CATEGORIES News