
ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെ ദുരവസ്ഥ മാറ്റാൻ നടപടി – മന്ത്രി പി.എ.മുഹമ്മദ് റിയാസ്
- മിനിസ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം
ബേപ്പൂർ : കോർപ്പറേഷൻ ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെയും വിശ്രമമുറിയുടെയും ദുരവസ്ഥ മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെളിയും വെള്ളവും നിറഞ്ഞ് ടൂർണമെൻ്റുകൾ ഉൾപ്പെടെ കായിക, വിനോദ പരിപാടികൾ മുടങ്ങിപ്പോയ മിനിസ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരംകാണും. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതോടൊപ്പം സ്റ്റേഡിയം വിപുലീകരിക്കാൻ കുറേക്കൂടി സ്ഥലം ഏറ്റെടുക്കും. ഇലവൻസ് കളിക്കാൻ പര്യാപ്തമായരീതിയിൽ സ്റ്റേഡിയമൊരുക്കും. കോർപ്പറേഷൻ്റെ ഭാഗത്തുനിന്നും എംഎൽഎ ഫണ്ടിൽനിന്നും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കും. തിരുവനന്തപുരത്തെ ചില ഫുട്ബോൾപ്രേമികൾ സ്റ്റേഡിയം വിപുലീകരണത്തിന് സാമ്പത്തികസഹായം നൽകാൻ മുന്നോട്ടുവന്നതായും മന്ത്രി പറഞ്ഞു.
