
ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ചു
- ആയുധംകാട്ടി ഭീഷണിപ്പെടുത്തി കൂടെവന്ന ആളുടെ സഹായത്തോടെ കഴുത്തിലെ മാല ഊരിയെടുക്കുകയായിരുന്നു
കക്കട്ടിൽ : ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ചു. അമ്പലക്കുളങ്ങര-നിട്ടൂർ റോഡിലെ കുറ്റിയിൽ പീടികക്കടുത്തെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
വീട്ടമ്മയുടെ മകൻ പുറത്തുപോയ സമയത്ത് ബൈക്കിലെത്തിയ ഇവർ സ്ത്രീക്ക് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശുചിമുറി കാണിച്ചുകൊടുക്കുന്നതിനിടയിൽ ആയുധംകാട്ടി ഭീഷണിപ്പെടുത്തി കൂടെവന്ന ആളുടെ സഹായത്തോടെ കഴുത്തിലെ മാല ഊരിയെടുക്കുകയായിരുന്നു. ബഹളംകേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ ബൈക്കുമായി അമ്പലക്കുളങ്ങര ഭാഗത്തേക്ക് രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുറ്റത്തുള്ള ചെടിച്ചട്ടിക്കടുത്തുനിന്ന് സ്വർണാഭരണം കണ്ടെടുക്കുകയും ചെയ്‌തു. ഇത്തരം തട്ടിപ്പിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു
