
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് ; മഞ്ഞപ്പട ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും
- മത്സരം നടക്കുന്നത് രാത്രി ഏഴരയ്ക്കാണ്
കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മാച്ചിന് പച്ചക്കൊടി.ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും.മത്സരം നടക്കുന്നത് രാത്രി ഏഴരയ്ക്കാണ് . സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും ക്ലബ് അധികൃതരും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമായത്. കുടിശ്ശിക സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മഞ്ഞപ്പടയുടെ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് വാടക കുടിശ്ശികയുടെ പേരിൽ മത്സരം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ക്ലബ് അധികൃതർ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും ചർച്ചകൾ വിജയിക്കുകയും ചെയ്തതോടെ തടസ്സങ്ങൾ നീങ്ങി. വാടകയും കുടിശികയും അടയിക്കാൻ ബ്ലാസ്റ്റേഴ്സിന് ജി.സി.ഡി.എ സമയം അനുവദിച്ചു. സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത് ഒരാഴ്ചയ്ക്കകം 28 ലക്ഷം രൂപ അടയ്ക്കാമെന്ന ഉറപ്പിലാണ് .
