ഇവാൻ വുകോമനോവിച്ച് പടിയിറങ്ങി

ഇവാൻ വുകോമനോവിച്ച് പടിയിറങ്ങി

  • കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്റെ മടക്കം അപ്രതീക്ഷിതം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി അടുത്ത സീസണിലും ഇവാൻ വുകോമാനോവിച്ച് കൂടെയുണ്ടാകുമെന്ന് വിശ്വസിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന തിരുമാനമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്നത്. കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിനിൽക്കെ ഇവാൻ ബ്ലാസ്റ്റേഴ്സു‌മായി പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പിരിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്ര യാത്രയിൽ ആരാധകരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പരിശീലകൻ ആരാണെന്ന ചോദ്യത്തിന്, ഏതൊരു മഞ്ഞപ്പട ആരാധകനും ഒരു ഉത്തരം മാത്രമായിരിക്കും പറയുക. സെർബിയക്കാരൻ ഇവാൻ വുക്കോമാനോവിച്ച് എന്ന ആശാൻ. ആരാധകർ അത്രയേറെ നെഞ്ചോടു ചേർത്തുവച്ച പേരായിരുന്നു അത്.
സ്റ്റീവ് കോപ്പലിനു ശേഷം ഓരോ സീസണിലും പരിശീലകരെ മാറ്റിമാറ്റി പരീക്ഷിച്ച മാനേജ്മെൻ്റ് 2021 ലാണ് ഇവാൻ വുക്കേനോവിച്ചിനെ കണ്ടെത്തുന്നത്.

സെർബിയയിൽ നിന്ന് ഇവാൻ കേരളത്തിലെത്തുമ്പോൾ ഓരോ സീസണിലും വന്നു പോകുന്ന പരിശീലകരെപ്പോലെ മാത്രമായിരുന്നു ആരാധകർക്ക് അദ്ദേഹവും. ഇന്ത്യൻ ഫുട്ബോളിൽ തീർത്തും അപരിചിതനായ പരിശീലകൻ ക്ലബ്ബിൽ അധികം വാഴില്ലെന്ന് ഭൂരിഭാഗംപേരും വിശ്വസിച്ചു. എന്നാൽ, ലഭ്യമായ ഇന്ത്യൻ കളിക്കാരെയും വിദേശ കളിക്കാരെയും മികച്ച രീതിയിൽ ഉപയോഗിച്ചും യുവകളിക്കാർക്ക് അവസരം നൽകിയും തകർച്ചയുടെ വക്കലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിൽ കൊണ്ടുവന്നു.

ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച് ഇവാൻ ആരാധകരെ കയ്യിലെടുത്തു. ഫൈനലിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും അപ്പോഴേക്കും ഇവാൻ ആരാധകരുടെ പ്രിയപ്പെട്ട ആശാനായി ഇവാൻ മാറിയിരുന്നു. ഇവാനിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തി. 2021 -22 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ ഇവാൻ കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലെ വിവാദ ഫ്രീകിക്ക് ഗോളിന്റെ പേരിൽ ടീമിനെ ഗ്രൗണ്ടിൽ നിന്ന് പിൻവലിച്ച്, പ്രതിഷേധിച്ചാണ് ഇവാൻ ആരാധകരെ ഞെട്ടിച്ചത്. അതിനുശേഷം കോടികളാണ് ഇവനും ബ്ലാസ്റ്റേഴ്സും പിഴയായി നൽകേണ്ടി വന്നത്. ഇവാൻ വുക്കോമാനോവിച്ചിന് പിഴയിക്കുപുറമെ വിലക്കും നേരിടേണ്ടിവന്നു.

ഈ സീസണിൽ കളിക്കാരുടെ പരിക്ക് വില്ലനായി വന്നെങ്കിലും ടീമിനെ ക്വാളിഫയർ വരെ എത്തിക്കാൻ ഇവാന് സാധിച്ചിരുന്നു .ക്വാളിഫയറിലെ നിർണ്ണായക മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ടീം പുറത്തായത്. ഐഎസ്എല്ലിലെ കന്നി കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഇവാനും ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിടുന്നത്. സ്വപ്നം എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയിൽ മഞ്ഞപ്പട ഇനിയും കാത്തിരിപ്പ് തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )