
‘ഭിഷഗ്വര’ പദ്ധതിയുമായി പേരാമ്പ്ര
- ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
പേരാമ്പ്ര: ഡോക്ടർമാരെ ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ഭിഷഗ്വര’ ആതുരസേവനപരിപാടിക്ക് പേരാമ്പ്രയിൽ തുടക്കം. ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എരവട്ടൂർ, ചേനായി, കണ്ണിപ്പൊയിൽ, മരുതേരി എന്നീ നാല് ഹെൽത്ത് സബ്‌സെൻ്ററുകളിലും കോടേരിച്ചാലിലുമാണ് ആഴ്ചയിൽ ഒരുദിവസം ഡോക്ടറുടെയും ഫാർമസി, ലാബ് അസിസ്റ്റൻ്റ് എന്നിവരുടെയും സേവനം ലഭ്യമാക്കുക. മരുന്നുകൾ നൽകാനും ലാബ് പരിശോധന നടത്താനും പദ്ധതിയിൽ സൗകര്യമുണ്ടാകും.
കേരളത്തിൽ തന്നെ ആദ്യമായാണ് പഞ്ചായത്ത് തലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് പറഞ്ഞു. 28-ന് രാവിലെ പത്ത് മണിക്ക് പേരാമ്പ്ര ടൗൺഹാളിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പദ്ധതി ഉദ്ഘാടനം നിർവഹിക്കും.