
ഭീഷണിയായി കുന്നുകൾ
- സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ ഏതുസമയവും മണ്ണിടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയാണുള്ളത്.
കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ബൈപ്പാസിൽ മലാപ്പറന്പ് കഴിഞ്ഞാൽ പന്തീരാങ്കാവ് മേഖലയിലാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്നുകളുള്ളത്. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്തുതന്നെ റോഡിൻ്റെ ഒരുഭാഗത്ത് 15 മീറ്ററോളം ഉയരമുള്ള വലിയ കുന്നാണ്.
റോഡ് നിർമാണത്തിനായി നേരത്തേ ഇവിടെ മണ്ണെടുത്തതാണ്. സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ ഏതുസമയവും മണ്ണിടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയാണുള്ളത്. സർവീസ് റോഡ് നിർമിക്കുന്നതിൻ്റെ ഭാഗമായി കുന്നിന്റെ ഒരുഭാഗത്ത് മണ്ണെടുത്തിട്ടുണ്ട്. പാറ പൊട്ടിക്കേണ്ടതുകൊണ്ട് ബാക്കി നിർമാണം നടന്നിട്ടില്ല. സർവീസ് റോഡ് നിർമാണം പൂർത്തിയാവുമ്പോഴേക്കും കുറച്ചുകൂടി അപകടാവസ്ഥയിലാവും. ഉയരമുള്ള എല്ലാ പ്രദേശങ്ങളിലും സോയിൽ നെയിലിങ്ങാണ് കോൺക്രീറ്റ് ഭിത്തിക്കു പകരം ചെയ്യുന്നത്. ഇവിടെ ബൈപ്പാസിലെത്തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമാണ്. അതുകൊണ്ട് കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയാൽമാത്രമേ ഭയമില്ലാതെ അതുവഴി യാത്രചെയ്യാൻ കഴിയുകയുള്ളൂ.