
ഭൂപതിവ് നിയമ ഭേദഗതിയിലെ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
- എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് നടപ്പാക്കിയിരിക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഭൂപതിവ്നി യമഭേദഗതിയിലെ ചട്ടങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർണായകമായ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി സബ്ജക്ട് കമ്മിറ്റി കൂടി ഇതു പരിഗണിക്കേണ്ടതുണ്ട്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതു മുതൽ പ്രശ്ന പരിഹാരത്തിനു പല ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി കെ.രാജനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

രണ്ടു ചട്ടങ്ങളാണ് സർക്കാർ പ്രധാനമായും കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പതിച്ചുകിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക. വിപുലമായ ചർച്ചകൾക്കു ശേഷമാണ് മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയത്.എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് നടപ്പാക്കിയിരിക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.