മകരവിളക്ക് മഹോത്സവം; മല കയറി ഭക്തലക്ഷങ്ങൾ

മകരവിളക്ക് മഹോത്സവം; മല കയറി ഭക്തലക്ഷങ്ങൾ

  • മകര ജ്യോതി ദർശനത്തിന് പ്രത്യേക സ്പോട്ടുകൾ അനുവദിച്ച് പൊലീസും ദേവസ്വം ബോർഡും

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും.ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. പതിനായിരക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദർശിക്കാൻ ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം തമ്പടിച്ചു കഴിയുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തും മകര ജ്യോതി ദർശനത്തിന് പ്രത്യേക സ്പോട്ടുകൾ പൊലീസും ദേവസ്വം ബോർഡും അനുവദിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ പടിഞ്ഞാറേ കോളനി, ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല, അയ്യൻമല എന്നീ അഞ്ച് സ്പോട്ടുകളിൽ ഭക്തർക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയിൽ ഹിൽടോപ്പ്, ഹിൽടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നീ മൂന്ന് സ്പോട്ടുകൾ സജ്ജമാണ്. സന്നിധാനത്ത് തിരുമുറ്റത്തിൻ്റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫിസ് പരിസരം, പാണ്ടിത്താവളം, വാട്ടർ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദർശിക്കാൻ സാധിക്കും. മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )