
മകളെ ശല്യം ചെയ്തു; വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
- ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി
കൊല്ലം: മകളെ ശല്യം ചെയ്തെന്നാരോപിച്ച് വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിൻ്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി.
വെള്ളിയാഴ്ച വൈകിട് ആരോടെ കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശിയുടെ മകളെ അരുൺ ശല്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഏതാനും ദിവസം മുൻപ് പിതാവ് പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ അവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പിതാവ് ഫോണിൽ വാക്തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ യുവാവ് വിശദീകരണത്തിനായി ഇരട്ടക്കടയിലെത്തി.പ്രശ്നം സംസാരിക്കുന്നതിനിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കത്തി കൊണ്ട് അരുണിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
