
മഞ്ഞപ്പിത്തം പടരുന്ന വാണിമേലിൽ ജാഗ്രതാ നിർദേശം
- രോഗ ബാധിതരുടെ എണ്ണം കൂടുന്നത് കുടിവെള്ളം വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്
വാണിമേൽ:മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ വാണിമേലിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ അറിയിച്ചു. ചികിത്സയിൽ 13 പേരുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് കാരണമാണ് മഞ്ഞപ്പിത്തം പടരുന്നത് .രോഗ ബാധിതരുടെ എണ്ണം കൂടുന്നത് കുടിവെള്ളം വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ, വളയം, വാണിമേൽ പഞ്ചായത്തുകളിൽ ജല അതോറിറ്റിയുടെ ജല വിതരണം ഒക്ടോബർ 3 വരെ നിർത്തി വച്ചതും തിരിച്ചടിയായി. പാക്വയി റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് കാരണം.

ആരോഗ്യ പ്രവർത്തകർ സ്‌കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നു. പരിശോധനകൾക്കും ബോധവൽക്കരണത്തിനും ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് ജൂനി.ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി.സതീഷ്, പി.വിജയരാഘവൻ, കെ.എം.ചിഞ്ചു, പി.ജെ.അനുമോൾ തുടങ്ങിയവരും ആശാപ്രവർത്തകരും നേതൃത്വം നൽകി.
ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവയുടെ വിൽപന സ്കൂൾ പരിസരങ്ങളിൽ വിലക്കി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നു മെഡിക്കൽ ഓഫിസർ ഡോ.സഫർ ഇഖ്ബാൽ അറിയിച്ചിട്ടുണ്ട്.