
മത്സ്യസമ്പത്ത് കൂട്ടാം, കൃത്രിമ പാരുകളിലൂടെ
- പദ്ധതി മുഴുവൻ തീരദേശ ജില്ലകളിലും വ്യാപിപ്പിക്കും
കോഴിക്കോട് :മത്സ്യതൊഴിലാളികൾക്ക് കൂടുതൽ മീൻ ലഭിക്കാൻ തീരക്കടലിൽ കൃത്രിമ പാരുകൾ (മത്സ്യക്കൂട്) സ്ഥാപിക്കുന്ന പദ്ധതി സർക്കാർ വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണം വിജയകരമായതിനാലാണിത്.പദ്ധതി മുഴുവൻ തീരദേശ ജില്ലകളിലും വ്യാപിപ്പിക്കും. കോൺക്രീറ്റിൽ നിർമിച്ച കൃത്രിമ പാരുകളാണ് കടലിൽ നിക്ഷേപിക്കുന്നത്.
കോഴിക്കോട്-34, കണ്ണൂർ-11, കാസർകോട്-16, മലപ്പുറം-23, തൃശൂർ-18, എറണാകു ളം-21, ആലപ്പുഴ-30, കൊല്ലം- 27 എന്നിങ്ങനെ 180 പ്രാദേശിക മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പാരുകൾ നിക്ഷേപിക്കുക. രണ്ടു ഘട്ടങ്ങളിലായി യഥാക്രമം 29.76 കോടിയും 25.82 കോടി രൂപയുടെ പാരുകൾ നടപ്പാക്കാനുള്ള വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹാ യിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന മായ സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായമുണ്ട്. തീരദേശ വികസന കോ ർപറേഷനാണ് പാരുകളുടെ നിർമാണച്ചുമതല.

ഒരിടം കേന്ദ്രീകരിച്ച്, മീനുകൾ കൂട്ടമായി തമ്പടിക്കുന്നതിന് വേണ്ടി കൂടുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് മീനുകളുടെ ലഭ്യതയാണ്. ഇവ സ്ഥാപിച്ചു കഴിഞ്ഞാൽ പായലിന്റെ വളർച്ചക്കൊപ്പം ലക്ഷക്കണക്കിന് ചെറുജീവികളുടെ സാന്നിധ്യവുമുണ്ടാകും. ഇതോടെ പാരുകൾ ചെറുമീനുകളുടെ സങ്കേതമാകും. പായലും സസ്യങ്ങളും പവിഴപ്പുറ്റുക ളും വളരുന്നതോടെ മീനുകൾക്ക് തങ്ങാനുള്ള ആവാസവ്യവസ്ഥ രൂപപ്പെടും.കടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ പകർത്തുന്ന അണ്ടർവാട്ടർ കാമറ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായി കൃത്രിമ പാരുകളിലെ പ്രജനനം, പുരോഗതി തുടങ്ങിയവ പഠനവിധേയമാക്കുകയും ചെയ്യും.