
മരണത്തിലൂടെ കെ.ജെ.ബേബി മലയാളിയോട്പറയുന്നതെന്താവും !?സക്കറിയ ചോദിക്കുന്നു
- ‘നാടുഗദ്ദിക’ നാടകം കേരളത്തിൻ്റെ മറക്കാനാവാത്ത
പോരാട്ട ചരിത്രത്തിൻ്റെ ഭാഗം
വയനാട്ടിലെ അവഗണിതരായ കാടിൻ്റെ മക്കളെ വെളിച്ചത്തിലേക്ക്
കൈപിടിച്ചുയർത്തുന്നതിൽ
സ്വയം സമർപ്പിതനായിരുന്ന കെ. ജെ. ബേബി ആത്മഹത്യയിലൂടെ പിൻവാങ്ങിയപ്പോൾ പൊതുസമൂഹത്തിൽ അത്
ചർച്ചയാവാത്തതെന്തെന്ന്
എഴുത്തുകാരൻ സക്കറിയ തൻ്റെ
ഫേസ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
മനുഷ്യരായി പോലും കണക്കാക്കപ്പെടാതെ ദാരിദ്ര്യത്തിലും ദുരിതങ്ങളിലും
അമർന്നുപോയ കാടിൻ്റെ മക്കളെ
പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ആക്ടിവിസ്റ്റും കലാകാരനുമായിരുന്ന
കെ.ജെ. ബേബിയുടെ
പ്രവർത്തനങ്ങൾ വലുതായിരുന്നു. വയനാട്ടിലെ ആദിവാസി ഊരുകളിൽ വിശപ്പിൽ
മരിച്ചു വീഴുന്ന ഗോത്ര മനുഷ്യരുടെ
നിലവിളി പുറംലോകത്തെ കേൾപ്പിച്ച ‘നാടുഗദ്ദിക’ നാടകം
കേരളത്തിൻ്റെ മറക്കാനാവാത്ത
പോരാട്ട ചരിത്രത്തിൻ്റെ ഭാഗം. അക്ഷരാഭ്യാസമില്ലാത്ത ആദിവാസി മക്കളെ പഠിപ്പിക്കാനും സ്വാശ്രയരാക്കാനും ആരംഭിച്ച കനവ് ആ രംഗത്തെ വലിയ പരീക്ഷണമായി. പാട്ടും നൃത്തവും സംഗീതവും കൃഷിപ്പണിയും ‘
കാടിൻ്റെ താളവും ചേരുന്ന സമഗ്ര ജീവിതവീക്ഷണമായിരുന്നു ബേബി പ്രാവർത്തികമാക്കാൻ ശ്രമിച്ചത്.
മാവേലിമൻ്റ്രം നോവൽ
ഉൾപ്പെടെയുള്ള രചനകളും അതിന്റെ ഭാഗം.
പാതിയിൽ നിലച്ചുപോയ ഈ അന്വേഷണങ്ങളും, എല്ലാറ്റിനും കൂട്ടായിരുന്ന ജീവിത സഖിയുടെ അകാല വിയോഗവും ബേബിയെ ഒട്ടൊന്നുമല്ല ഉലച്ചത്.
എന്നാൽ
ആത്മഹത്യയിൽ എത്തിച്ചേരാൻ
അദ്ദേഹത്തെ പ്രേരിപ്പിച്ചത്
സ്വകാര്യ ദുഃഖങ്ങൾക്കുമപ്പുറം
ചിലതുകൂടിയാവണമെന്ന്
അദ്ദേഹത്തിൻ്റെ ആത്മഹത്യ കുറിപ്പുകളിലുണ്ടെന്നാണ് സൂചന.
അത് സാമൂഹ്യമായതു കൂടിയാണ്.
സക്കറിയയുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം.
കെ ജെ ബേബി തൻ്റെ മരണരീതി തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്; തൻ്റെ പ്രത്യേക ജീവിതരീതി തിരഞ്ഞെടുത്തത് പോലെ. ഇക്കാര്യം പരസ്യമായി ചർച്ച ചെയ്യാൻ ഒരു പൊതുവൈമുഖ്യം ഉള്ളത് പോലെ തോന്നി. പരമ്പരാഗത മരണത്തിൽനിന്ന് വ്യത്യസ്തമായ ഒരു മരണത്തെ, ബേബിയെ പോലെ സമൂഹത്തിൽ മുദ്ര പതിപ്പിച്ച ഒരാളുമായി ബന്ധപ്പെടുത്താൻ സമൂഹത്തിന് മടി ഉണ്ടായിരിക്കാം. ആത്മഹത്യ എന്ന പദം വിവക്ഷിക്കുന്ന മരണം ആശാസ്യമാണെന്നു സമൂഹം കരുതുന്നില്ല എന്നതായിരിക്കാം അതിൻ്റെ കാരണം. സമീപകാലം വരെ ആത്മഹത്യാശ്രമം കുറ്റ കരമായിരുന്നു – അതായത് ആത്മഹത്യ കുറ്റമായിരുന്നു.
ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കുമ്പോൾ സമൂഹം അതിൽ കാണുന്നത് ഒരു പക്ഷേ ഒരു തരം ആഭ്യന്തരകലാപം ആയിരിക്കാം; ഒരു തരം പാരമ്പര്യ വിരുദ്ധ നിലപാട്. അല്ലെങ്കിൽ ചില മതങ്ങൾ അനുശാസിക്കുന്നത് പോലെ, ദൈവം തന്ന ജീവൻ എടുക്കാൻ ദൈവത്തിനെ അധികാരം ഉള്ളൂ എന്ന വാദത്തിനെ ധിക്കരിക്കൽ. അല്ലെങ്കിൽ ഒരു വ്യക്തി, പ്രത്യേകിച്ച് നി രാശിതർക്കും പരാജിതർ ക്കും വേട്ടയാടപ്പെ ടുന്ന നിഷ് കളങ്കർക്കും പീഡിപ്പിക്ക പ്പെടുന്ന നിസ്സഹായർക്കും ഇടയിൽ നിന്നൊരാൾ, ജിവിതം അവസാനിപ്പിക്കുമ്പോൾ അതിൽ സമൂഹത്തിന് ഒരു പക്ഷേ ഉള്ള പങ്ക് സമൂഹത്തിനെ അസ്വസ്ഥമാക്കുന്നുണ്ടാവം.
വാർത്തകൾ പ്രകാരം ബേബി തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന കത്തുകളിൽ എന്ത് കൊണ്ട് ആ തീരുമാനം എടുത്തു എന്ന് വിശദീകരിക്കുന്നുണ്ടോ എന്ന് അറിഞ്ഞു കൂട.
പ്രതിഭാശാലിയായ ഒരു വ്യക്തി മരണത്തെ ആലോചനപൂർവം തിരഞ്ഞെടുക്കുമ്പോൾ സമൂഹം അതു ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നു. ഏതോ ഒരു പാഠം, ഒരു സന്ദേശം, അതിൽ ഉണ്ട്. ദുഃഖവും അനുശോചനവും പ്രസക്തമാണ്. പക്ഷേ അവയ്ക്കപ്പുറത്തേക്ക് നമ്മുടെ ചിന്തകൾ പോകേണ്ടതാണ്. ബേബിയുടെ അസാധാരണമായ ജീവിതവും കലയും ശ്രദ്ധിക്കപ്പെടുകയും പഠിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്. ബേബിയുടെ മരണത്തിൻ്റെ അർത്ഥവും നാം ചിന്തിച്ചെടുക്കേണ്ടതുണ്ട്-
സക്കറിയ പറയുന്നു.