
മരിയയുടെ കഥ പറഞ്ഞ് സന്ധ്യ മേരിയുടെ നോവൽ ജെസിബി പുരസ്കാര പട്ടികയിൽ
✍️അഞ്ജുനാരായണൻ
- മരിയ ജസ്റ്റ് മരിയ നോവലിൻ്റെ കർത്താവ് സന്ധ്യ മേരി
- കെ ഫയലിനോട് പ്രതികരിക്കുന്നു
- ജയശ്രീ കളത്തിലാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
2024-ലെ ജെസിബി സാഹിത്യ പുരസ്കാരത്തിനായുള്ള പത്ത് പുസ്തകങ്ങളുടെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ മലയാളത്തിളക്കം. മലയാളി നോവലിസ്റ്റും മാധ്യമ പ്രവർത്തകയുമായ സന്ധ്യ മേരിയുടെ ‘മരിയ ജസ്റ്റ് മരിയ’ എന്ന നോവലാണ് പട്ടികയിൽ ഇടം നേടിയത്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

ജെസിബി പുരസ്കാര ലോങ് ലിസ്റ്റിൽ ഇടം പിടിച്ച സന്ധ്യ മേരി കെ ഫയലിനോട് സംസാരിക്കുന്നു….
ചോദ്യം: മാധ്യമ പ്രവർത്തനവും സർഗ്ഗസാഹിത്യവും എങ്ങിനെ ഒന്നിച്ചു കൊണ്ടുപോകുന്നു ?
ഉത്തരം: ഞാനങ്ങനെ ഫുള്‍ടൈം എഴുത്തുകാരിയൊന്നുമല്ല. വളരെ റെയര്‍ ആയിട്ടേ ഫിക്ഷന്‍ എഴുതാറുള്ളൂ എന്നുപറയാം. അതുകൊണ്ടുതന്നെ എഴുത്ത് എന്റെ അധികം സമയമൊന്നും കണ്‍സ്യൂം ചെയ്യുന്നില്ല. എഴുതിയേ പറ്റൂ എന്ന ഒരു ഫീലിങ്ങൊന്നും എനിക്കങ്ങനെ ഇല്ല. നമ്മുടെ തലയില്‍്് എപ്പൊഴും ഇങ്ങനെ ഐഡിയാസ് ഒക്കെ വന്നോണ്ടിരിക്കും. പക്ഷേ അതൊക്കെ സാഹിത്യ രൂപത്തിലാക്കുക എന്നുപറഞ്ഞാൽ അതിനുവേണ്ടി നമ്മൾ ഇരിക്കണം. ഇത്തിരി മെനക്കെടണം. അതിന് നല്ല മടിയുള്ള കൂട്ടത്തിലാണ് ഞാന്‍. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് റേഡിയോയിലാണ്. അത് ഞാന്‍ എന്‍ജോയ് ചെയ്യുന്ന ഒരു ജോലിയാണ്. അതങ്ങനെ മാദ്ധ്യമപ്രവര്‍ത്തനമല്ല. ആ ഒരു രീതിയിൽ ഞാന്‍ ചെയ്യുന്ന കാര്യം എന്നുപറയുന്നത് ട്രൂകോപ്പിക്കും മറ്റും വേണ്ടി എഴുതുന്ന രാഷ്ട്രീയ, സാമൂഹിക ലേഖനങ്ങളാണ്. ഞാന്‍ നേരത്തേ പറഞ്ഞല്ലോ, ഫിക്ഷന്‍ എഴുത്തിനായി തീരെ സമയം ചെലവഴിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് ഇതൊന്നും വലിയ കാര്യങ്ങളായി എന്റെ ജീവിതത്തില്‍ ഇല്ല.

ചോദ്യം: ഇംഗ്ലീഷ് പരിഭാഷ മൗലിക കൃതിയോട് തൃപ്തികരമായി ചേർന്നു നിൽക്കുന്നുണ്ടോ?
ഉത്തരം: ജയശ്രീ ബ്രില്ല്യന്റായിട്ട് അതിന്റെ ട്രാന്‍സ്ലേഷന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മരിയ ജസ്റ്റ് മരിയ, ഒരേ സമയം മരിയ വെറും മരിയയോട് അസാമാന്യമായി ചേര്‍ന്നുനില്‍ക്കുകയും, അതേ സമയം പൂര്‍ണ്ണമായിട്ടും ഒരു ഇന്‍ഡിപ്പെന്‍ഡന്റ് പുസ്‌കമായിട്ടുള്ള വായനാനുഭവം നല്‍കുകയും ചെയ്യുന്ന പുസ്തകമാണ്! അത്രമാത്രം ഇന്‍വോള്‍വ്ഡ് ആയിട്ട്, ക്രിയേറ്റീവ് ആയിട്ടാണ് ജയശ്രീ ആ വര്‍ക്ക് ചെയ്തിരിക്കുന്നത്. എന്നെപ്പോലെ തന്നെ ജയശ്രീക്കും മരിയയെ അതിഭയങ്കരമായി കണക്റ്റ് ആയി. പലപ്പോഴും എന്നേക്കാള്‍ എന്നുതന്നെ പറയണം!

ചോദ്യം: സന്ധ്യയുടെ ജീവിതവുമായി ഈ നോവലിന് ബന്ധമുണ്ടെന്ന് പറയാമോ?
ഉത്തരം: മരിയയിലുള്ള ഒരു കഥാപാത്രത്തേയും എനിക്ക് റിയല്‍ ലൈഫില്‍ അറിയില്ല. അല്ലെങ്കിലും ഒരു സംസാരിക്കുന്ന പട്ടിയേയും ലോകയാത്ര പോകുന്ന ഗീവര്‍ഗീസ് സഹദയേയും
വിപ്ലവം നടത്താന്‍ മരിയയുടെ സഹായം തേടുന്ന കര്‍ത്താവിനേയുമൊക്കെ എങ്ങനെ അറിയാനാണ്! പക്ഷേ മരിയയുടെ തോട്ട്‌സ് എന്റെ തോട്ട്‌സാണ്. മരിയയുടെ പ്രശ്‌നങ്ങള്‍ സ്വതന്ത്രമായ മനസ്സോടെ ജനിക്കുന്ന ഏതൊരു വ്യക്തിയുടേയും പ്രശ്‌നങ്ങളാണ്. സമൂഹം ചൂണ്ടിക്കാണിക്കുന്ന രീതിയില്‍ ജീവിക്കാന്‍ തയ്യാറാകാത്ത അല്ലെങ്കില്‍ അതിനു കഴിയാത്ത എല്ലാ വ്യക്തികളുടേയും പ്രശ്‌നങ്ങളാണ്. അപ്പോള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ നോര്‍മലല്ലാത്ത ആളായി ബ്രാന്‍ഡ് ചെയ്യപ്പെടും. എപ്പോഴും you will be the odd one out. കുടുംബവും സമൂഹവുമൊക്കെ ചേര്‍ന്നുനടത്തുന്ന normal/abnormal എന്ന ബ്രാന്‍ഡിംഗിനെയാണ് മരിയ ചോദ്യം ചെയ്യുന്നത്.
തുടർച്ചയായ മൂന്നാം വർഷമാണ് ജയശ്രീ വിവർത്തനം ചെയ്ത പുസ്തകം ജെസിബി പുരസ്കാര പട്ടികയിൽ ഇടം പിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലീഷിൽ എഴുതിയ അഞ്ച് പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള അഞ്ച് പുസ്തകങ്ങളുമാണ് ഇത്തവണ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്.
വിവർത്തനം ചെയ്യപ്പെട്ടവയിൽ ബംഗാളി (2), മറാത്തി (2), മലയാളം (1) പുസ്തകങ്ങളാണുള്ളത്.