
മലയാളത്തിലെ ദുർബലമായ സാഹിത്യ ശാഖ ബാലസാഹിത്യം- കൽപ്പറ്റ നാരായണൻ
- പേരക്ക ബാലസാഹിത്യ ക്യാമ്പ് സമാപിച്ചു
കൊയിലാണ്ടി:മലയാളത്തിൽ ഏറെ ദുർബലമായ സാഹിത്യ ശാഖ ബാലസാഹിത്യമാണെന്നും മികച്ച കൃതി എഴുതിയ പല എഴുത്തുകാർക്കും നല്ലൊരു ബാല സഹിത്യകൃതി രചിക്കാനായിട്ടില്ലെന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. പേരക്ക ബുക്സ് കൊയിലാണ്ടി പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലസാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യത്തിൽ ഏത് കുട്ടിയെ അഡ്രസ് ചെയ്യുമെന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കു വേണ്ട പുസ്തകം പലപ്പോഴും നമുക്ക് നൽകാൻ സാധിക്കുന്നില്ലെന്നും അത്തരം പോരായ്മകൾ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ പി.എം ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പേരക്ക എഴുത്തുപുര പുരസ്കാരം കവി സത്യചന്ദ്രൻ പൊയിൽക്കാവിലിനും നോവൽ പുരസ്കാരം സുനിത കാത്തുവിനും കഥാ പുരസ്കാരം മനോജ് കുമാർ കാപ്പാടിനും വൈജ്ഞാനിക പുരസ്കാരം മുനീർ എ റഹ്മാനും കവിത പുരസ്കാരം ഹർഷ എം ദാസിനും കൽപ്പറ്റ നാരായണൻ സമ്മാനിച്ചു. പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച പന്ത്രണ്ട് ബാലസാഹിത്യ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ബാലഭാവനയുടെ ലോകാന്തരങ്ങൾ, സജയ് കെ.വി, കുട്ടിക്കവിതയിലെ കുട്ടിത്തം, സത്യൻ മാടാക്കര, ശീർഷകങ്ങളുടെ സൗന്ദര്യം അബു ഇരിങ്ങാട്ടിരി, ബാലസാഹിത്യത്തിൻ്റെ വളർച്ച, റഹ്മാൻ കിടങ്ങയം , കുഞ്ഞു മനസുകൾ കവരുന്നതെങ്ങനെ രാധാകൃഷ്ണൻ എടച്ചേരി, എങ്ങനെ ഒരു ബാലസാഹിത്യ കൃതി രചിക്കാം, അബ്ദുള്ള പേരാമ്പ്ര, ബാല സാഹിത്യങ്ങളുടെ വായനക്കാരൻ , ഹക്കിം ചോലയിൽ എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

അബ്ദുള്ള പേരാമ്പ്രയുടെ ശാസ്ത്രലോകം അത്ഭുതലോകം, ലിയോ ടോൾസ്റ്റോയിയുടെ ഐവാൻ ദി ഫൂൾ, കോൾസ്റ്റമീർ ഒരു കുതിരയുടെ കഥ ( പരിഭാഷ ഗീത വാസു) കുട്ടികളുടെ ശാസ്ത്രജ്ഞർ (ഡോ.റസീന റിയാസ്) ഓർമ്മത്തണലിൽ ഇത്തിരി നേരം (സുധിഷ കെ പി) , കുട്ടികൾക്ക് ചെറുകഥാചരിത്രം( ഷെരീഫ് വി കാപ്പാട്) ഇവാനോകളും അതിശയപ്പൂച്ചയും( ബിനേഷ് ചേമഞ്ചേരി) കാണാതായ പെൺകുട്ടി(ഗലീന ഡമക്കിന) കിഷ്ക്കിന്തയുടെ കോഴിക്കുഞ്ഞുങ്ങൾ( നിക്കോളായ് നോസഫ്) അക്കുവിൻ്റെ സാഹസിക യാത്രകൾ (ഡോ. ഹാരിസ് ചുണ്ടക്കാടൻ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.
സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ കൗൺസിലർ പ്രജിഷ.പി ഉദ്ഘാടനം ചെയ്തു. പേരക്ക മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.ബാജിത് സി. വി കീഴരിയൂർ ഷാജി , ബിന്ദു ബാബു, ആരിഫാ അബ്ദുൽ ഗഫൂർ , ഷൈമ പി.വി, ഷെരീഫ് കാപ്പാട് എന്നിവർ നേതൃത്വം നൽകി.