
മലയോര ഹൈവേ നിർമാണം മന്ദഗതിയിൽ
- മാവിലപ്പാടി ഭാഗത്ത് റോഡ് താഴുന്നുവെന്ന് നാട്ടുകാർ
തൊട്ടിൽപ്പാലം: മുടിക്കൽപാലം- തൊട്ടിൽപ്പാലം മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ ഇഴയുന്നതായി ആക്ഷേപം ഉയരുന്നു . 2022-ൽ ടെൻഡറായി പ്രവൃത്തി തുടങ്ങിയ പദ്ധതി കാലാവധി പൂർത്തിയായി സമയം നീട്ടിനൽകിയിട്ടും ഇപ്പോഴും പൂർത്തിയാവാത്ത നിലയിലാണ്. കായക്കൊടി പഞ്ചായത്തിലെ മാവിലപ്പാടി ഭാഗത്തും കാവിലുമ്പാറയിൽ തൊട്ടിൽപ്പാലത്ത് അവസാനിക്കുന്ന ഭാഗത്തുമാണ് പ്രവൃത്തി പതിയെപോകുന്നത്.
അതേ സമയം മാവിലപ്പാടിയിൽ റോഡ് താഴ്ന്നുപോകുന്ന അവസ്ഥയുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇരുചക്ര, മുച്ചക്ര വാഹനയാത്രികരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. കഴിഞ്ഞദിവസം ഒരു ടിപ്പർലോറി ഇവിടെ താഴ്ന്നുപോയിരുന്നു. ഇതുവഴിയുള്ള ജീപ്പ് സർവീസും മുടങ്ങുന്ന സ്ഥിതിയാണ്.

10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനാവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതാണ് നിർമാണപ്രവൃത്തി വൈകിയതിന് കാരണമായി അധികൃതർ പറയുന്നത്. കുറെയേറെ ഉടമകൾ സ്ഥലം വിട്ടുനൽകാൻ ബാക്കിയുണ്ട്. കായക്കൊടിയിൽ രണ്ട് കിലോമീറ്ററിലേറെ ഭാഗത്തെ റോഡ് നിർമാണം ഇതുകാരണം മുടങ്ങിയനിലയിലാണ്.