
മലാപ്പറമ്പ് മേൽപാലം മാർച്ച് ആദ്യം തുറക്കും
- കഴിഞ്ഞ ദിവസങ്ങളിലായി ആറു ഗർഡറുകൾ സ്ഥാപിച്ചു
കോഴിക്കോട്:രാമനാട്ടുകര-വെളങ്ങം റീച്ചിലെ മലാപ്പറമ്പ് ജങ്ഷനിലെ വെഹിക്കിൾ ഓവർ പാസിന്റെ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി.പ്രവൃത്തികൾ നടക്കുന്നത് മാർച്ച് ആദ്യവാരത്തിൽതന്നെ ഓവർപാസ് ഗതാഗതത്തിനായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആറു ഗർഡറുകൾ സ്ഥാപിച്ചു.ഇനി എട്ടു ഗർഡറുകൾകൂടി സ്ഥാപിക്കാനുണ്ട്.

ഗർഡറുകൾ സ്ഥാപിക്കുന്നത് 250 ടൺ ഉയർത്താൻ ശേഷിയുള്ള മൂന്നു കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ്. വെങ്ങളത്ത് നിർമാണം പുരോഗമിക്കുന്ന ഭാഗത്തേക്ക് ക്രെയിനുകൾ കൊണ്ടു പോയതിനാൽ വ്യാഴാഴ്ച മുതലേ ഈ ഭാഗത്തെ പ്രവൃത്തികൾ ഇനി വീണ്ടും ആരംഭിക്കുകയുള്ളൂ. രണ്ടു ദിവസംകൊണ്ട് ബാക്കിയുള്ള എട്ടു ഗർഡറുകളും സ്ഥാപിക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്.

നിർമാണം 40 മീറ്ററിലാണ്. ഈ ഭാഗത്ത് പതിനൊന്നരയടിയോളം മണ്ണ് താഴ്ത്തിയാണ് നിർമിക്കുന്നത്. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ കമ്പികൾ കെട്ടി കോൺക്രീറ്റ് തുടങ്ങും .കോഴിക്കോട്-വയനാട് പാതയാണ് ഓവർ പാസായി പുനർനിർമിക്കുന്നത്. ഇതിനിടയിലൂടെയാണ് ദേശീയപാത കടന്നുപോകുക.