
മഴ മുന്നറിയിപ്പിൽ മാറ്റം ; എട്ടു ജില്ലകളിൽ ശക്തമായ മഴ
- ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് നേരത്തെ മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
CATEGORIES News