മാതൃ-ശിശു സൗഹൃദമാവാൻ ബീച്ച് ആശുപത്രി

മാതൃ-ശിശു സൗഹൃദമാവാൻ ബീച്ച് ആശുപത്രി

  • ഗുണനിലവാര പരിശോധനയിൽ സ്കോർ നേടാൻ വിപുലമായ മുന്നൊരുക്കമാണ് ആശുപ്രതിയിൽ നടത്തിയിട്ടുള്ളത്.

കോഴിക്കോട്: ബീച്ച് (ജനറൽ) ആശുപത്രി മാതൃ-ശിശു സൗഹൃദ ആശുപത്രിയാവുന്നു. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മദർ ആൻഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ് (എംബിഎഫ്എച്ച്ഐ) എന്ന പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഗുണനിലവാരം പരിശോധനയ്ക്കായി സംഘം ഈ മാസം 21ന് ആശുപത്രി പരിശോധിക്കും. ജില്ലതല പ്രാഥമിക പരിശോധന ചൊവ്വാഴ്‌ച നടന്നു. പദ്ധതി ഗുണനിലവാര പരിശോധനയിൽ സ്കോർ നേടുന്നതിനു വിപുലമായ മുന്നൊരുക്കമാണ് ആശുപ്രതിയിൽ നടത്തിയിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ.ആശാദേവി ചെയർമാനും പീഡിയാട്രിക് വിഭാഗത്തിലെ ഡോ. എം. ഷാജഹാൻ നോഡൽ ഓഫിസറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ആശുപത്രിയിലെ ജീവനക്കാർക്കും ചികിത്സക്കെത്തുന്ന രോഗികൾക്കും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്രിമപാലിന്റെ ദൂശ്യഫലങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് ആവശ്യമായ കൃത്രിമ പാൽ മാത്രമാണ് ആശുപത്രി സ്റ്റോറിൽ സൂക്ഷിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിലായി മൂന്ന് മുലയൂട്ടൽ കേന്ദ്രം തുറന്നു. ഗർഭിണികളുടെ പരിചരണം, പ്രസവം തുടങ്ങിയവ സ്ത്രീ സൗഹാർദമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 21ന് നടക്കുന്ന പരിശോധനയിൽ ഫുൾ സ്കോർ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )