
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം:റോഡ് വികസനത്തിൽ ആക്ഷേപം ഉയരുന്നു
- സ്ഥലമെടുപ്പ് പൂർത്തിയായി റോഡ് വികസനത്തിനായി ജനം കാത്തിരിക്കുകയാണ്.
കോഴിക്കോട് :മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനം മലാപ്പറമ്പിൽ അവസാനിപ്പിച്ചത്, റോഡ് വികസനത്തിൽ ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് ആക്ഷേപം. ഏറെ വാഹന തിരക്കുള്ള ഈ റോഡിലെ ഗതാഗത കുരുക്കിനു പരിഹാരമാകണമെങ്കിൽ നേരത്തെ തീരുമാനിച്ചിരുന്ന പോലെ വെള്ളിമാടുകുന്ന് വരെ 4 വരി പാതയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

2008ൽ ഭരണാനുമതി ലഭിച്ച 8.4 കിലോമീറ്റർ മാത്രം വരുന്ന ഈ റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയായി റോഡ് വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. അതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വികസനത്തിന്റെ ആദ്യ ഘട്ടമായി മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് 5.1 കിലോ മീറ്റർ മാത്രം 4 വരി പാതയാക്കാൻ തീരുമാനം എടുത്തത്. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റർ റോഡിലാണ് ഏറെ വാഹന തിരക്ക്. ഈ ഭാഗം ഒഴിവാക്കി മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള 5.1 കിലോമീറ്റർ മാത്രം വീതി കൂട്ടി വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചത്. വെള്ളിമാടുകുന്ന് വരെയുള്ള സ്‌ഥലമെടുത്ത് സ്‌ഥലമുടമകൾക്ക് പ്രതിഫലം പൂർണമായി വിതരണം ചെയ്തിട്ടും ഈ ഭാഗം ടെൻഡറിൽനിന്ന് ഒഴിവാക്കി.