
മാലിന്യപ്പുഴയായി ബീച്ച് ആശുപത്രി
- ടിക്കറ്റെടുക്കാൻ പോകുന്ന വഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം നിറഞ്ഞു
കോഴിക്കോട്:ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ മഴ പെയ്‌തതതോടെ വീണ്ടും ഓടയിൽനിന്ന് വെള്ളം കയറി മാലിന്യപ്പുഴയായി.ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ട് ഉണ്ടാവുകയാണ്. ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നവർ മാലിന്യപ്പുഴയിൽ നീന്തി മറ്റ് ഗുരുതര അസുഖങ്ങൾകൂടി ഏറ്റുവാങ്ങി മടങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത് . തിങ്കളാഴ്‌ച രാത്രി ശക്തമായ മഴ പെയ്തതോടെ ഇന്നലെ രാവിലെ ഒപി ടിക്കറ്റെടുക്കാൻ പോകുന്ന വഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം നിറഞ്ഞു. കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം ഇതിലൂടെ ഏറെ കഷ്ടപ്പെടുന്നു . മാലിന്യത്തിൽ ചവിട്ടാൻ മടിച്ച് ചിലർ തിരികെ പോയി. ഒപി കൗണ്ടറിൽ ടിക്കറ്റെടുത്ത് മടങ്ങുന്നതിനിടെ രണ്ടുപേർ സ്റ്റെപ്പിന് സമീപത്തുള്ള കുഴിയിൽ വീണു.ദിനംപ്രതി രണ്ടായിരത്തിലധികം പേർ ഒപിയിൽ എത്തുന്ന ആശുപത്രിയാണിത്.

നേരത്തെയും പലതവണ പ്രശ്‌നമുണ്ടായെങ്കിലും താൽക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കിവിടു കയായിരുന്നു. കസ്റ്റംസ് റോഡ്, മേയർ ഭവൻ, മൊയ്തു മൗലവി സ്മാരകം എന്നീ ഭാഗങ്ങളിൽനിന്നുള്ള മൂന്ന് ഓടകൾ ആശുപത്രി വളപ്പിലൂടെയാണ് കടന്നുപോകുന്നത്. ഇത് 500 മീറ്ററിലധികം വരും. ഇതിൽ വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയതാണ് വെള്ളക്കെട്ടിന് കാരണമാവുന്നത് . പ്രശ്നം കോർപറേഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണെന്ന് കൗൺസിലർ കെ. റംലത്ത് പറഞ്ഞു.ഈ പരിസരത്ത് കോർപറേഷൻ എൻജിനീയറിങ്, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പരിശോധന നടത്തിയിട്ടുണ്ട്.
