
മാളിൽനിന്ന് സ്വർണമാല കവർന്ന ദമ്പതികൾ പിടിയിൽ
- ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിലാണ് ദമ്പതികൾ പിടിയിലായത്
കോഴിക്കോട്:ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസി ലുൽ റഹ്മാൻ (35), കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ഷാഹിന (39) എന്നിവരാണ് പിടിയിലായത്.കസബ പൊലീസും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത് .
കേസിനാസ്‌പദമായ സംഭവം നടന്നത് വ്യാഴാഴ്ചയാണ്. കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. കവർച്ചക്കുശേഷം മാളിലെ ആളുകളുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞത് കുട്ടിയുടെ ഉമ്മ പരാതി നൽകിയതോടെ കസബ പൊലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷ നിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് .പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ സമാന കുറ്റകൃത്യത്തിന് കേസുണ്ട്. കവർന്ന സ്വർണം കാസർകോട് പടന്നയിൽനിന്ന് പിടിയിലായ പ്രതികളിൽനിന്ന് കണ്ടെടുത്തു.
കസബ ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ, അസി. സബ് ഇൻസ്പെക്‌ടർ പി. സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സുധർമൻ, രാജീവ്കുമാർ പാലത്ത്, സിപിഒ ബിജില മോൾ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്, സൈബർ സെല്ലിലെ സ്കൈലേഷ്, ഡിസിആർബിയിലെ അസി. സബ് ഇൻസ്പെക്ടർ നിധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.