മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്ല്യം; നാട്ടുകാർ ആശങ്കയിൽ

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്ല്യം; നാട്ടുകാർ ആശങ്കയിൽ

  • മധ്യവേനൽ അവധിയായിട്ടും കുട്ടികളെ പുറത്ത് വിടാൻ കഴിയാതെ ആശങ്കയിലാണ് നാട്ടുകാർ

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്ല്യം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക് നേരെ കുരച്ച് ചാടുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായകൾ കൂട്ടമായി ഓടുന്നതു കാരണം പരിഭ്രമിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി രണ്ടാഴ്ച്ചക്കിടയിൽ 3 പേർക്ക് നിസ്സാര പരിക്കേൽക്കുകയുണ്ടായി. മധ്യവേനൽ അവധിയായിട്ടും കുട്ടികളെ പുറത്ത് വിടാൻ കഴിയാതെ ആശങ്കയിലാണ് നാട്ടുകാർ.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും, സമീപത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാട്മൂടി കിടക്കുന്ന പറമ്പിലും ഇതിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമായാണ് നായകൾ കൂട്ടമായി തമ്പടിക്കുന്നത്. പലപ്പോഴും ഇവ തമ്മിലുള്ള കടിപിടിയും ജനങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ താൽക്കാലിക ജീവനക്കാരനായ സി കെ ഹമീദിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടെ വെച്ച് തെരുവ് നായയകളുടെ ആക്രമണത്തിൽ പരുക്കേിറ്റിരുന്നു.

സ്കൂൾ തുറക്കുന്നതോടെ പന്തലായനി ജി എച് എസ് എസ്, കൊയിലാണ്ടി ജി വി എച് എസ് എസ്, ബി ഇ എം യു പി സ്കൂൾ എന്നിവയടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായ ഈ വഴിയിലെ തെരുവ് നായ ശല്ല്യം പരിഹരിക്കുന്നതിന് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ബന്ധപെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )