
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ
- എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത്
തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ.പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുകയെന്നാണ് കരുതുന്നത്. എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത്. കമ്മ്യൂണിസ്റ്റുപാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയൻറെയും പിറവി.

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21 നാണ് പിണറായി വിജയൻ്റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 9 വർഷം പൂർത്തിയാകുകയാണ്.

അവിഭക്ത പാർട്ടി പിളർന്ന് 1964 ൽ സിപിഐഎം രൂപം കൊണ്ട് വർഷമാണ് പിണറായി പാർട്ടി അംഗമായത്. തലശേരി ബ്രണ്ണനിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കെഎസ്എഫിൻ്റെ ജില്ലാ സെക്രട്ടറിയായത്. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം പിണറായി കണ്ണൂർ സെൻട്രൽ ജയിലിലടക്കപ്പെട്ടു. 26-ാമത്തെ വയസ്സിൽ എംഎൽഎ. ജില്ലാസെക്രട്ടറി, മന്ത്രി, സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി- ആധുനിക കേരളത്തെ മുന്നോട്ടു നയിച്ച ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതമാണ് പിണറായി വിജയൻ.