
മുന്നറിയിപ്പില്ലാതെ രാമനാട്ടുകര മേൽപാലം അടച്ചു: ഗതാഗതക്കുരുക്ക് രൂക്ഷമായി
- സർവീസ് റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെ ബൈപാസ് ജംക്‌ഷനിൽ ഏറെ നേരെ ഗതാഗതം നിലച്ചു
രാമനാട്ടുകര:ടാറിങ് പ്രവൃത്തിക്കു വേണ്ടി ആറുവരിപ്പാതയിലെ രാമനാട്ടുകര മേൽപാലം മുന്നറിയിപ്പില്ലാതെ അടച്ചത് കാരണം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. സർവീസ് റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെ ബൈപാസ് ജംക്‌ഷനിൽ ഏറെ നേരെ ഗതാഗതം നിലച്ചു. ജംക്‌ഷനിലേക്ക് നാലു ദിക്കുകളിൽ നിന്നും വാഹനങ്ങൾ കൂട്ടത്തോടെ എത്തിയത് കാരണം സ്ഥിതി ഗുരുതരമാക്കി. ആറുവരിപ്പാതയിൽ യൂണിവേഴ്‌സിറ്റി ഭാഗത്തു നിന്നു പന്തീരാങ്കാവ് ഭാഗത്തേക്കുള്ള മേൽപാലമാണ് അടച്ചത്. ഗതാഗതം ഇതോടെ സർവീസ് റോഡ് വഴിയായി. രാവിലെ എയർപോർട്ട് റോഡിൽ ഐക്കരപ്പടിവരെയും നഗരത്തിൽ ബസ് സ്‌റ്റാൻഡ് വരെയും എത്തിയിട്ടുണ്ടായിരുന്നു വാഹനങ്ങളുടെ നീണ്ട നിര. ആംബുലൻസുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്ക് എത്തിയവരെല്ലാം ഏറെനേരം വഴിയിൽ കുടുങ്ങി.

ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ ഏറെ നേരം ബുദ്ധിമുട്ടി . ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ടാറിങ് പ്രവൃത്തി നിർത്തിവയ്ക്കാൻ നിർദേശിച്ചു. ബദൽ മാർഗം ഒരുക്കാനും ട്രാഫിക് വാർഡന്മാരെ നിയോഗിക്കാനും ആവശ്യപ്പെട്ടു.പിന്നീട് ടാറിങ് പുനരാരംഭിച്ചത് ട്രാഫിക് വാർഡന്മാരെ നിയോഗിക്കാമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കി വൈകിട്ട് 5ന് റോഡ് തുറക്കാമെന്നുമുള്ള കരാർ കമ്പനി അധികൃതരുടെ ഉറപ്പിലാണ്.