
മൂരാട് പുതിയപാലം ഉടൻ തുറക്കും
- ഒഴിയുന്നത് ജില്ലയിലെ പ്രാധാന ഗതാഗതക്കുരുക്ക്.
- പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും.
വടകര : മൂരാട് പാലം തുറക്കാൻ ഒരുങ്ങുന്നു. ഒഴിയുന്നത് ഗതാഗതക്കുരുക്കിന് പേരുകേട്ട പാലമെന്ന ദുഷ്പ്പേര്. ദേശീയപാതയിൽ ഗതാഗതക്കുരുക്കിൻ്റെ കേന്ദ്രമാണ് മൂരാട് പഴയപാലം. ആറുവരിപ്പാതയുടെ ഭാഗമായി കുറ്റ്യാടിപ്പുഴയിൽ മൂരാട് നിർമിച്ച പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും. മൂരാട് ഭാഗത്ത് ആറുവരിപ്പാതയുടെ പ്രവൃത്തി സുഗമമാക്കാൻ പുതിയ പാലം താത്കാലികമായി തുറന്നുകൊടുക്കുകയും ചെയ്തു. പുതിയ പാലത്തിൻ്റെ കിഴക്കുഭാഗത്തെ മൂന്നു വരിയാണ് ഗതാഗതത്തിന് തുറന്നത്.
ആറുവരിപ്പാതയുടെ നിർമാണം കഴിയുന്നതുവരെ ഇതിലൂടെ വാഹനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുപോകാൻ കഴിയും. ഇതിനുള്ള അവസാന ഘട്ട ജോലികളും പുരോഗമിക്കുകയാണ്. വടകര, പയ്യോളി ഭാഗങ്ങളിൽ അനുബന്ധ റോഡുകളുടെ നിർമാണവും പൂർത്തിയായിവരുന്നു. ടാറിങ് ഉൾപ്പെടെ 90 ശതമാനവും കഴിഞ്ഞു.
ആറുവരി പാലത്തിന്റെ നടുവിൽ ഡിവൈഡർ നിർമിച്ച് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേർതിരിച്ചിട്ടുണ്ട്. മുന്നുവരിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന 16 മീറ്റർ വീതിയാണ് ഓരോ ഭാഗത്തിനും. ആകെ 32 മീറ്റർ വീതി പാലത്തിനുണ്ട്. കാൽനട യാത്രികർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കുന്നുണ്ട്. ഇതിൻ്റെ പണിയും പുരോഗമിക്കുന്നു.
ആറുവരിപ്പാതയിൽ അഴിയൂർ – വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയാണ് മൂരാട് പുതിയ പാലത്തിന്റെ നിർമാണം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവയും പ്രത്യേക പദ്ധതിയിൽപ്പെടുത്തി ടെൻഡർ ചെയ്തതാണ്. 68.5 കോടിയാണ് അനുവദിച്ചത്. 2020 ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തി. 2021 ഏപ്രിലിൽ പ്രവൃത്തി തുടങ്ങി. 2023 ജൂലായ് മാസം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പിന്നീട് കാലാവധി 2024 ഏപ്രിൽ വരെ നീട്ടി.