
യുഎഇയിലെ മഴക്കെടുതി; മലയാളികളടക്കം ദുരിതത്തിൽ
- അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും നിർമാണങ്ങളെക്കുറിച്ചും പഠിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
- ഒരു വർഷം 140 -200 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന പ്രദേശത്താണ് 24 മണിക്കൂറിനിടെ 254.8 മില്ലിലിറ്റർ മഴ പെയ്തത്
ദുബായ്: യുഎഇയിലെ കനത്തമഴയിലെ വെള്ളപ്പൊക്കത്തിൽ മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ദുരിതത്തിൽ. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിർത്താതെ പെയ്തത്. അബുദാബി അൽഐൻ മേഖലയിൽ മാത്രം ഒറ്റദിവസം കൊണ്ട് 254.8 മില്ലിമീറ്റർ മഴ ലഭിച്ചു.75 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയാണിത്. ശരാശരി ഒരു വർഷം 140 -200 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന പ്രദേശത്താണ് 24 മണിക്കൂറിനിടെ 254.8 മില്ലിലിറ്റർ മഴ പെയ്തത്.
അതേ സമയം മഴയ്ക്ക് പിന്നാലെ എമിറേറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും നിർമാണങ്ങളെക്കുറിച്ചും മഴയുടെ കാരണത്തെ കുറിച്ചും പഠിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ്. ഈ സാഹചര്യത്തിലും പഠനം നടത്താനുള്ള നിർദേശമിറക്കിയത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണെന്നും രാജ്യത്തിൻറെ പ്രഥമ പരിഗണനയെന്നത് സുരക്ഷയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബുധനാഴ്‌ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ യുഎഇയിലെ ദുബായ്, അബുദാബി എമിറേറ്റുകളിലും ഒമാൻ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ദുബായ് വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള ഇടങ്ങങ്ങളിൽ വെള്ളം കയറിയിരുന്നു. പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം മോശം കാലാവസ്ഥ നാശം വിതച്ച എല്ലാ കുടുംബങ്ങൾക്കും സഹായം നൽകാനും ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് നിർദ്ദേശിച്ചു.
അതേ സമയം കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങൾ ഉൾപ്പെടെ 290 വിമാനങ്ങളാണ് ബുധനാഴ്ച താൽക്കാലികമായി നിർത്തലാക്കിയത്.
ശരാശരി ഒരു വർഷം 140-200 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന പ്രദേശത്താണ് 24 മണിക്കൂറിനിടെ 254.8 മില്ലിലിറ്റർ മഴ പെയ്തത്. അപ്രതീക്ഷിത മഴ ദുബായ് ഉൾപ്പെടെയുള്ള വൻ നഗരങ്ങളെ വെള്ളത്തിനിടയിലാക്കിട്ടുണ്ട്.