രാത്രി പതിനൊന്നിനുശേഷം എൻ.ഐ.ടി.യിൽ കർശന നിയന്ത്രണങ്ങൾ

രാത്രി പതിനൊന്നിനുശേഷം എൻ.ഐ.ടി.യിൽ കർശന നിയന്ത്രണങ്ങൾ

  • രാത്രി പതിനൊന്നിനു ശേഷം വിദ്യാർഥികൾക്ക് കാംപസിനകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ കഴിയില്ല

മുക്കം: രാത്രി പതിനൊന്ന് മണിക്കുശേഷം കാംപസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് എൻ.ഐ.ടി. അധികൃതർ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ 11 മണിക്ക് മുൻപ് മുറിയിൽ എത്തിയിരിക്കണം. ഉത്തരവ് പ്രകാരം രാത്രി പതിനൊന്നിനു ശേഷം വിദ്യാർഥികൾക്ക് കാംപസിനകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ കഴിയില്ലെന്ന് ഡീൻ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാംപസിൽ രാത്രി വൈകിയും തുറന്നിരുന്ന കാൻ്റീനുകൾ ബുധനാഴ്ച മുതൽ രാത്രി പതിനൊന്നിന് അടയ്ക്കും. ആരോഗ്യകരമായ ഭക്ഷണശൈലി ആണ് ആവശ്യമെന്നും വിദ്യാർഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയും കാന്റീൻ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികൾ വഴിതെറ്റി പോകുന്നതായും ഇതിന് തടയിടുന്നതിനും നിയന്ത്രണമേർപ്പെടുത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെയും ബാധിക്കും. തുടർച്ചയായി ഉറക്കം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചെറുപ്പക്കാരിൽ ഉണ്ടാക്കും എന്നതുകൂടി കണക്കിലെടുത്താണ് നിയന്ത്രണം. നിയന്ത്രണങ്ങൾ യാതൊരു തരത്തിലും വിദ്യാർഥികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ലെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഡീൻ ഇറക്കിയ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം വിദ്യാർഥികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )