
രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും: ഗംഭീര സ്വീകരണമൊരുക്കാൻ പ്രവർത്തകർ
- റോഡ് ഷോയുടെ അവസാനം ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും പത്രിക സമർപ്പിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ അവസാനഘട്ടത്തിലേക്കൊരുങ്ങുമ്പോൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിൽ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. വയനാട്ടിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ഗംഭീര സ്വീകരണമാണ് രാഹുൽ ഗാന്ധിക്കായി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാർത്ഥികളും ഇന്ന് പത്രികാസമർപ്പണത്തിനെത്തും. നാളെ വയനാട്ടിലെത്തുന്ന രാഹുൽ, പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണിൽ ഹെലികോപ്റ്ററിറങ്ങുന്ന രാഹുൽ 12 മണിയോടെ പത്രിക സമർപ്പിച്ച് നാളെ തന്നെ തിരികെ മടങ്ങുകയും ചെയ്യും. തുടർന്ന് പ്രചാരണത്തിന് വേണ്ടി വയനാട്ടിലേക്ക് ഇനി എപ്പോൾ എത്തും, എന്തൊക്കെയാണ് പ്രചാരണ പദ്ധതികൾ എന്നതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു
രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.