റീൽസ് ചിത്രീകരണത്തിനിടെ യുവാവിൻ്റെ മരണം; ആഡംബരക്കാറിന്റെ യഥാർഥ ഉടമയെ കണ്ടെത്തി

റീൽസ് ചിത്രീകരണത്തിനിടെ യുവാവിൻ്റെ മരണം; ആഡംബരക്കാറിന്റെ യഥാർഥ ഉടമയെ കണ്ടെത്തി

  • കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ഉടമസ്‌ഥതയിലാണ് കാർ എന്നാണ് കണ്ടെത്തിയത്

കോഴിക്കോട്:പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ചതിനെ തുടർന്ന് വാഹനത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ഉടമസ്‌ഥതയിലാണ് കാർ എന്നാണ് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടും രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കും. പണമിടപാടുകൾ നൗഫലിന്റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് നടത്തിയത്. 1.35 കോടി രൂപ കൈമാറി. ഇവരുടെ പേരിലാണ് വിൽപനക്കരാർ എഴുതിയത്. എന്നാൽ പിന്നീട് നൗഫലിന്റെ പേരിലേക്കു മാറ്റിയെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാൽ നൗഫൽ കേസിലെ മൂന്നാം പ്രതിയാകുമെന്നും പൊലീസ് പറഞ്ഞു.

ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) കാറിടിച്ച് മരിച്ചത്.ഒരു കാർ ആക്സസറീസ് സ്‌ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു ഡിസംബർ പത്തിന് അപകടമുണ്ടായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയിൽ പൊലീസ് യഥാർഥ ഉടമയെ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിന്റെ ഉടമസ്ഥതയിലാണ് കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർ ഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ വാങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിന്റെ സുഹൃത്താണ് നൗഫൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )